‘എന്ത് പൊതുതാൽപര്യം?’ ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടാല്‍ ഗർഭച്ഛിദ്രം അനുവദിക്കുന്ന നിയമത്തിനെതിരായ ഹർജി തള്ളി

news image
Aug 26, 2023, 9:45 am GMT+0000 payyolionline.in

ദില്ലി: ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭച്ഛിദ്ര വിരുദ്ധ എൻജിഒ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗർഭനിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടാൽ ഗർഭച്ഛിദ്രം അനുവദിക്കുന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ വ്യവസ്ഥ നീക്കംചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

 

സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചൈൽഡ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിലെ സെക്ഷൻ 3(2)ലെ വ്യവസ്ഥ ഭരണഘടനയുടെ 14, 21 വകുപ്പുകൾക്കെതിരാണെന്നും അതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം. ഗര്‍ഭം സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതാണെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന്
സെക്ഷൻ 3(2) പറയുന്നു. ഏതെങ്കിലും ഗർഭ നിരോധന മാര്‍ഗ്ഗം പരാജയപ്പെട്ടതിന്‍റെ ഫലമായി സ്ത്രീ ഗര്‍ഭം ധരിച്ചാല്‍, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന അവസ്ഥ വന്നാല്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്ന് ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയ്ക്കെതിരെയാണ് എന്‍ജിഒ ഹര്‍ജി നല്‍കിയത്.

ഈ ഹർജി പരിഗണിക്കാന്‍ സുപ്രീംകോടതി ബെഞ്ച് വിമുഖത പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. നിങ്ങൾ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി വ്യവസ്ഥകളെ (എംടിപി) വെല്ലുവിളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതൊരു പൊതുതാൽപര്യ ഹർജിയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു. അപ്പോള്‍ ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു- “എംടിപി നിയമത്തിലെ വ്യവസ്ഥകളെ ചോദ്യംചെയ്യുന്നതില്‍ എന്ത് പൊതുതാൽപര്യം? പാർലമെന്‍റ് സ്ത്രീകളുടെ താൽപ്പര്യത്തിനായി ചില വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾ ഈ ഹര്‍ജി പിൻവലിച്ച് മറ്റു പ്രതിവിധികള്‍ തേടുന്നതാണ് നല്ലത്.” ഇതോടെ ഹർജി പിൻവലിക്കാൻ തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചു. ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

അടുത്തിടെ ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു. 27 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. അതിജീവിതയുടെ ഹര്‍ജി തീര്‍പ്പാക്കാന്‍ ഗുജറാത്ത് ഹൈക്കോടതി വരുത്തിയ കാലതാമസത്തെ കോടതി വിമര്‍ശിച്ചു. പ്രത്യുൽപാദനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഓരോ സ്ത്രീയുടെയും അവകാശം മനുഷ്യാന്തസ്സിന്‍റെ ഭാഗമാണെന്നും  ജസ്റ്റിസ് ബി.വി നാഗരത്‌ന നിരീക്ഷിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe