കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് മാവൂർ കുതിരാടം സ്വദേശിയായ ബാസിലിനെ (23) കാണാതായി. ബുധനാഴ്ച പുലർച്ചെ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്തായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.
മീൻപിടിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ബോട്ട് മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സുരക്ഷിതമായി കരയ്ക്കടുത്തുവെങ്കിലും ബാസിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പുഴയിൽ തെരച്ചിൽ നടത്തിവരികയാണ്.
