വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാർഡി കമ്പനി 2021ൽ അയച്ച കത്ത് പുറത്ത്. കമ്പനി മുൻ എക്സൈസ്സ് വകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന് അയച്ച കത്താണ് പുറത്തെത്തിയിരിക്കുന്നത്. ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇതിന് ഉപഭോക്താക്കൾ ഏറെയാണ് എന്നത് ഉൾപ്പെടെ പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ഉൾപ്പെടെ നൽകുകയാണെങ്കിൽ സർക്കാരിന്റെ സാമ്പത്തിക വരുമാനം കൂടുമെന്നും ബക്കാർഡിയുടെ കേരളത്തിലെ സീനിയർ മാനേജർ ജോജി ജെ കക്കാട്ടിലിന്റെ പേരിലുള്ള ഈ കത്തിൽ പരാമർശിച്ചിട്ടുണ്ട്. ബിയറിന്റെയും വൈനിന്റെയും നികുതി പോലെ ബക്കാർഡി പ്ലസ്,ബ്രീസർ എന്നിവയുടെ നികുതി കുറയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. കേരളത്തിൽ ഇത് കിട്ടാത്തത് കൊണ്ട് സ്ത്രീകൾ ഗോവയിലേക്കും പോണ്ടിച്ചേരിയിലേക്കും പോകുന്നുവെന്ന വിചിത്ര വാദവും കത്തിലുണ്ട്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം രംഗത്തിറക്കാൻ ബക്കാർഡി കമ്പനി വർഷങ്ങളായി ഇടപെടുന്നു എന്നതിന് കൂടി തെളിവാകുകയാണ് ഈ കത്ത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്ത് അപേക്ഷ വന്നിരുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ സഭയിൽ പറഞ്ഞിരുന്നു. അതേസമയം നികുതി ഇളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നണിക്ക് അകത്തുനിന്നും പുറത്തുനിന്നും രൂക്ഷ വിമർശനം ഉയരുന്നുണ്ട്. എന്നിരിക്കിലും മുഖ്യമന്ത്രി ഇതിൽ നിന്നും യൂടേൺ അടിക്കില്ലെന്നും നികുതി കുറച്ചത് ധനബില്ലിൽ ഉൾപ്പെടുത്തിയേക്കുമെന്നുമാണ് വിവരം.
