പെരുമണ്ണയിൽ വീണ്ടും ഷിഗല്ല ഭീതി; രണ്ടു കുട്ടികൾ മെഡിക്കൽ കോളേജിൽ, പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്

news image
May 25, 2026, 4:44 am GMT+0000 payyolionline.in

കോഴിക്കോട് പെരുമണ്ണയിൽ രണ്ടും മൂന്നും വയസുള്ള രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുവരെയും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. പെരുമണ്ണ പഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗങ്ങളിലുള്ള കുട്ടികൾക്കാണ് രോഗം ബാധിച്ചത്.

 

​രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കുട്ടികളെ ആദ്യം പെരുമണ്ണ ഹെൽത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്നും പ്രാഥമിക ചികിത്സകൾ നൽകിയ ശേഷമാണ് വിദഗ്ധ പരിചരണത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രോഗം ബാധിച്ച പ്രദേശങ്ങളിൽ പെരുമണ്ണ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസ്സുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകളും ബോധവത്കരണവും ഇതിന്റെ ഭാഗമായി നടക്കും.

 

​നേരത്തെ കോഴിക്കോട്ടെ തന്നെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ വ്യാപകമായി ഷിഗല്ല രോഗം പടർന്നുപിടിച്ചിരുന്നു. അന്ന് രോഗബാധയെ തുടർന്ന് അവിടെ ഒരു കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനിടയായ സാഹചര്യം കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ഇത്തവണ ആരോഗ്യവകുപ്പ് അധികൃതർ മുന്നോട്ടുപോകുന്നത്. ജനങ്ങൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രവർത്തകർ നിർദേശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe