പയ്യോളി:പെട്രോൾ വില 50 രൂപയിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ ബി.ജെ.പി സർക്കാർ, ഇന്ധനവില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് രാഷ്ട്രീയ യുവജനതാദൾ (RYJD) സംസ്ഥാന പ്രസിഡന്റ് പ്രഭീഷ് ആദിയൂർ ആരോപിച്ചു. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആർ.വൈ.ജെ.ഡി കോഴിക്കോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഗ്യാസ് ലഭ്യത കുറയുകയും പാചകവാതക വില കുത്തനെ കൂട്ടുകയും ചെയ്തതിന് പിന്നാലെ, പെട്രോൾ-ഡീസൽ വിലയും വർദ്ധിപ്പിച്ചത് സാധാരണക്കാരായ ജനങ്ങൾക്ക് മേലുള്ള ഇരുട്ടടിയാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ആർ.വൈ.ജെ.ഡി ജില്ലാ പ്രസിഡന്റ് പി. കിരൺജിത്ത് അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാവ് എം.പി. വീരേന്ദ്രകുമാർ അനുസ്മരണത്തിന്റെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ‘സ്മൃതിവൃക്ഷം’ നടാൻ കൺവെൻഷൻ തീരുമാനിച്ചു. കൂടാതെ, ജൂൺ 12-ന് പേരാമ്പ്രയിൽ വെച്ച് ജില്ലാ നേതൃ ശില്പശാല സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
ചടങ്ങിൽ രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ്, ജില്ലാ ജനറൽ സെക്രട്ടറി രാഗേഷ് കരിയാത്തൻകാവ്, സംസ്ഥാന കമ്മിറ്റി അംഗം ഗഫൂർ മണലൊടി, ഉമേഷ് അരങ്ങിൽ, രാമചന്ദ്രൻ കുയ്യാണ്ടി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ നിബിൻകാന്ത്, ലാൽപ്രസാദ്, രജിലാൽ മാണിക്കോത്ത്, സച്ചിൻ വില്യാപ്പള്ളി, സ്നേഹിൽ ശശി, പ്രജീഷ് വള്ളിൽ, അർജുൻ മഠത്തിൽ, എൻ.പി. മഹേഷ് ബാബു, ജിൻസ് കൂടരഞ്ഞി, പ്രജിലാഷ് ബാലുശ്ശേരി, സി. വിനോദ്, എം.ടി.കെ. സുധീഷ്, പി.കെ. ഷംജിത്ത്, അമൽ കോമത്ത് എന്നിവർ സംസാരിച്ചു.
