കണ്ണൂർ: പേരാവൂരിൽ മത്സരിപ്പിച്ചതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ. മത്സരിക്കാൻ താൽപര്യമില്ലാതിരുന്നിട്ടും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നും ജയിക്കില്ലെന്നd എല്ലാവർക്കും അറിയാമായിരുന്നുവെന്നുമാണ് ശൈലജ സെക്രട്ടറിയേറ്റിൽ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്നും വൻഭൂരിപക്ഷത്തോടെ വിജയിച്ച കെ കെ ശൈലജയ്ക്ക് ഇത്തവണ പേരാവൂരിൽ സിപിഐഎം കോട്ടകളിൽ നിന്നുള്ള വോട്ട് പോലും ലഭിച്ചിരുന്നില്ല.
പായത്ത് 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും കെ കെ ശൈലജയ്ക്ക് ലഭിച്ചില്ല. ഇവിടെ നിന്നും മൂവായിരത്തിന് മുകളിൽ വോട്ടുകൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാട്ടുകാരിയായ ശൈലജ 13 ബൂത്തുകളിലാണ് പായത്ത് മുന്നിട്ട് നിന്നതെങ്കിൽ സണ്ണി ജോസഫ് 12 ഇടങ്ങളിൽ ലീഡ് ചെയ്തു. സിപിഐഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും ശൈലജയെ പിന്നിലാക്കി സണ്ണി ജോസഫ് മുന്നേറി. 2200 വോട്ടിന്റെ മേൽക്കൈയാണ് നഗരസഭയിൽ നിന്നു മാത്രം യുഡിഎഫിന് ലഭിച്ചത്.
32 ബൂത്തുകളുള്ള നഗരസഭയിൽ ഇരുപതിലും സണ്ണി ജോസഫ് കരുത്തറിയിച്ചു. മുഴക്കുന്ന്, മുടക്കോഴി മല എന്നിവ ഉൾപ്പെടുന്ന മുഴക്കുന്ന പഞ്ചായത്തിലും ശൈലജയ്ക്ക് കാലിടറി. 700 വോട്ടിന്റെ ലീഡ് മാത്രമാണ് ഇവിടെ എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിന്റെ പ്രധാന കേന്ദ്രമായ അയ്യൻകുന്നിൽ സണ്ണി ജോസഫ് വൻ മുന്നേറ്റമുണ്ടാക്കി. സമാനമായി 1500ഓളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പേരാവൂരിും ശൈലജയ്ക്ക് മുന്നൂറിൽ താഴെ വോട്ടിന്റെ ലീഡ് മാത്രമേ ഉയർത്താൻ കഴിഞ്ഞുള്ളൂ. പേരാവൂരിലെ 20ൽ 12 ബൂത്തിലും സണ്ണി ജോസഫ് ശക്തി തെളിയിച്ചു. അതേസമയം ആറളം, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ യഥാക്രമം 3900, 1477, 1640, 2184 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി.
