ബാറിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; വിഴിഞ്ഞത്ത് യുവാവിനെ സഹോദരങ്ങൾ തല്ലിക്കൊന്നു

news image
Apr 16, 2026, 4:08 am GMT+0000 payyolionline.in

തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിനുള്ളിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന് യുവാവിനെ ഒരു സംഘം നടുറോഡിലിട്ട് തല്ലിക്കൊന്നു. വണ്ടിത്തടം സ്വദേശിയായ സുമൻ (38) ആണ് ക്രൂരമായ മർദനത്തിന് ഇരയായി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന സൂര്യജിത്ത്, കൃഷ്ണപ്രസാദ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവർ. ഇന്നലെ രാത്രി വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാറിലായിരുന്നു സംഭവങ്ങളുടെ തുടക്കം.

​ബാറിൽ വെച്ച് ഷാൻ എന്ന യുവാവും പ്രതികളും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ സുമൻ ഇടപെട്ടതാണ് അക്രമികളെ ചൊടിപ്പിച്ചത്. പ്രതികൾ സുമനെ ലക്ഷ്യം വെച്ച് മർദനം ആരംഭിച്ചതോടെ ഇയാൾ ബാറിന് പുറത്തേക്ക് ഓടിയെങ്കിലും സംഘം പിന്തുടർന്നെത്തി റോഡിലിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുമനെ നിലത്തിട്ട് ചവിട്ടുന്നതും ഇടിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ കൂടെയുണ്ടായിരുന്നവർ തടയാൻ ശ്രമിക്കാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മർദനത്തിനിടെ സുമനെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടവരോട്, തന്റെ സഹോദരനെ ആക്രമിച്ചപ്പോൾ ആരും ഇടപെട്ടില്ലല്ലോ എന്ന മറുപടിയാണ് പ്രതികളിൽ ഒരാൾ നൽകിയത്.

​ഗുരുതരമായി പരിക്കേറ്റ സുമനെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പിന്നീട് ആ വഴി കാറിൽ വന്ന യുവാക്കളാണ് സുമനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതികളെ കൃത്യസ്ഥലത്തുനിന്നുതന്നെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടുറോഡിൽ നടന്ന ഈ ക്രൂരകൃത്യത്തിന്റെ ഞെട്ടലിലാണ് പ്രദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe