ഉപകരണങ്ങളില്ലാതെ കിതച്ച് കോട്ടയം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം: ഒടുവിൽ പുതിയ ഉപകരണം വാങ്ങിയത് 10 വർഷം മുൻപ്

news image
Jul 16, 2026, 8:28 am GMT+0000 payyolionline.in

കോട്ടയം : സംസ്ഥാനത്തെ പ്രമുഖ മൂത്രാശയരോഗ ചികിത്സാ കേന്ദ്രമായ മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണക്ഷാമം മൂലം പ്രതിസന്ധി. വൈകാതെ കാലാവധി തീരുന്നതോടെ ഉപകരണങ്ങളുടെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും അവസാനിക്കാം. താരതമ്യേന തിരക്കു കുറഞ്ഞ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലും ഒട്ടേറെ പുതിയ ഉപകരണങ്ങൾ അനുവദിച്ചപ്പോഴാണ് കോട്ടയത്തോടുള്ള അവഗണന. കഴിഞ്ഞ 10 വർഷമായി യൂറോളജി വിഭാഗത്തിന് പുതിയ ഒരു ഉപകരണം പോലും ലഭിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

അടിയന്തരമായി സർക്കാർ ഇടപെട്ടില്ലെങ്കിൽ നിർധനരായ ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ഒട്ടേറെ സുപ്രധാന ചികിത്സകൾ മുടങ്ങുന്ന അവസ്ഥയാണുള്ളത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വാസ്കുലർ ഉപകരണവും കാലഹരണപ്പെട്ടതോടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നിർത്തിവയ്ക്കാനുള്ള സാധ്യതയേറി. 259 വൃക്കമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ കേന്ദ്രമാണിത്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അസുഖം മൂലമുണ്ടാകുന്ന മൂത്രതടസ്സം, മൂത്രസഞ്ചിയിലുണ്ടാകുന്ന കാൻസർ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സിസ്റ്റോസ്കോപ് ഉപകരണവും ഉപയോഗശൂന്യമായി. പുതിയത് വാങ്ങാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പുതിയതിന് 4 ലക്ഷം രൂപ മാത്രമാണ് വില. അതേസമയം പഴയ ഉപകരണം തിരിച്ചെടുത്ത് പുതിയത് ലഭിക്കുന്നതിന് 2.5 ലക്ഷം രൂപ നൽകിയാൽ മതിയാകുമെന്ന് അധികൃതർ പറഞ്ഞു.

ഒരേയൊരു സിസ്റ്റോസ്കോപ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇത് പ്രവർത്തനരഹിതമായതോടെയാണ് വലിയ പ്രതിസന്ധിയുണ്ടായത്. ഇതോടെ നൂറുകണക്കിന് രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായി.

ലാപ്രോസ്കോപ്പിക് ഉപകരണത്തിന്റെയും ‌മൂത്രത്തിലെ കല്ല് പൊടിക്കുന്നതിനുള്ള ലേസർ ചികിത്സാ ഉപകരണങ്ങളുടെയും കാലാവധി ഉടൻ അവസാനിക്കും. നിലവിൽ തികച്ചും തകരാറിലായ ഈ ഉപകരണങ്ങൾ വച്ച് വളരെ ബുദ്ധിമുട്ടിയാണ് ഡോക്ടർമാർ ഇപ്പോൾ ശസ്ത്രക്രിയകൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe