അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോഗ്യ സർവകലാശാല അധികൃതർ ഇന്ന് കോളജിലെത്തി അന്വേഷണം നടത്തും. സർവകലാശാല ഭരണസമിതിയംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം നിതിന്റെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്തും. നിതിന്റെ മരണത്തിന് പിന്നാലെ കോളജ് അവധി നൽകി നാട്ടിലേക്ക് അയച്ചിരുന്ന ഒന്ന് മുതൽ മൂന്ന് വരെയുള്ള വർഷങ്ങളിലെ വിദ്യാർഥികൾ ഇന്ന് ക്യാമ്പസിൽ തിരിച്ചെത്തുന്ന സാഹചര്യത്തിൽ, കുറ്റാരോപിതനായ ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്. ആത്മഹത്യാ പ്രേരണാ കേസിൽ പ്രതികളായ ഡോ. റാം, ഡോ. സംഗീത എന്നിവരുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗും ഡിവൈഎഫ്ഐയും വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും സർവകലാശാല രജിസ്ട്രാർക്കും പരാതി നൽകിയ പൂർവ വിദ്യാർഥികൾ, തങ്ങൾക്കും സമാനമായ മോശം അനുഭവങ്ങൾ അധ്യാപകരിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി. നിലവിൽ സസ്പെൻഷനിലുള്ള അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അധ്യാപിക ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി അതിക്രമനിരോധന നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക സംഘമാണ് ജാതി അധിക്ഷേപം, അധ്യാപകരുടെ മോശം പെരുമാറ്റം, റാഗിങ് തുടങ്ങിയ വശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും സ്വമേധയാ ഇടപെടുകയും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ ബിഡിഎസിന് ചേർന്ന നിതിന്, ഹോസ്റ്റലിൽ മുറികൾ ലഭ്യമായിട്ടും മാറ്റിനിർത്തലിന്റെ ഭാഗമായി സിക്ക് റൂമിലാണ് താമസം അനുവദിച്ചിരുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രവേശനം നേടാൻ വൈകിയെന്ന കാരണം പറഞ്ഞാണ് അധികൃതർ ഇങ്ങനെ ചെയ്തതെന്നാണ് സൂചന. നിതിൻ താമസിച്ചിരുന്ന ഈ മുറി നിലവിൽ പോലീസ് സീൽ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളജ് കെട്ടിടങ്ങൾക്കിടയിലുള്ള തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ നിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മുതിർന്ന അധ്യാപകരുടെ പീഡനവും ജാതി വിവേചനവുമാണ് ഒരു മിടുക്കനായ വിദ്യാർഥിയുടെ ജീവനെടുത്തതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും
