കാണാൻ ചേലുണ്ട്, പക്ഷേ; തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വർണക്കടലാസ് പൊട്ടിക്കൽ ശുചീകരണത്തൊഴിലാളികൾക്ക് ദുരിതമാകുന്നു

news image
Apr 9, 2026, 3:33 am GMT+0000 payyolionline.in

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും റോഡ് ഷോകളുടെയും ഭാഗമായി വ്യാപകമായി ഉപയോഗിക്കുന്ന ‘പോപ്പർ ബ്ലാസ്റ്ററുകൾ’ വഴിയോരങ്ങളിൽ സൃഷ്ടിക്കുന്ന മാലിന്യപ്രശ്നം ഗുരുതരമാകുന്നു. രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ കൊടിയുടെ നിറത്തിലുള്ള വർണക്കടലാസുകൾ ആകാശത്തേക്ക് പറത്തി ആഘോഷിക്കുമ്പോൾ, അത് വൃത്തിയാക്കാൻ പാടുപെടുന്നത് നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ്. മുൻകാലങ്ങളിൽ ജന്മദിനാഘോഷങ്ങളിലും മറ്റും ചെറിയ തോതിൽ കണ്ടിരുന്ന ഈ രീതി ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

റോഡുകളിൽ അടിഞ്ഞുകൂടുന്ന ഈ കടലാസ് കഷ്ണങ്ങൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇവ അടിച്ചുവാരുമ്പോൾ കാറ്റിൽ പാറിപ്പറക്കുന്നതും, നേരിയ നനവുണ്ടെങ്കിൽ റോഡിൽ പറ്റിപ്പിടിച്ചിരിക്കുന്നതും കാരണം കോരിയെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് പാളയത്ത് നടന്ന കലാശക്കൊട്ടിനിടെ മൂന്ന് മുന്നണികളും വ്യാപകമായി പോപ്പർ ഉപയോഗിച്ചിരുന്നു. എന്നാൽ, എൻഡിഎ സ്ഥാനാർത്ഥി ടി. രനീഷും സംഘവും തങ്ങൾ ഉപയോഗിച്ച കടലാസുകൾ അടിച്ചുവാരി വൃത്തിയാക്കിയത് വേറിട്ട കാഴ്ചയായി.

ഹരിതചട്ടം (ഗ്രീൻ പ്രോട്ടക്കോൾ) പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കിലും ഇത്തരം ആഘോഷങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പോപ്പർ ഉപയോഗിക്കുന്നത് നിലവിൽ നിരോധിച്ചിട്ടില്ലെങ്കിലും, ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നവർ തന്നെ അവ നീക്കം ചെയ്യണമെന്നാണ് ചട്ടമെന്ന് ജില്ലാ ഗ്രീൻ പ്രോട്ടക്കോൾ നോഡൽ ഓഫീസർ ഇ.ടി. രാകേഷ് വ്യക്തമാക്കി. ഇത് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള വിജയാഘോഷങ്ങളിലും സമാനമായ മാലിന്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നാണ് ശുചിത്വ മിഷന്റെയും നഗരസഭയുടെയും ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe