വാളയാർ ആൾക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയിൽ

news image
Apr 8, 2026, 4:46 am GMT+0000 payyolionline.in

വാളയാർ ആൾക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസിൽ വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മാർച്ച് 19ന് കേസിൽ പ്രതികളുടെയെല്ലാം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.
പാലക്കാട് എസ്സി/എസ്ടി സ്പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികൾക്ക്, വിചാരണ കോടതി തിടുക്കത്തിൽ ജാമ്യം അനുവദിച്ചെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി വിമർശിച്ചു.

ഡിസംബർ 17ന് വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു വച്ച് ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണിക്കൂറുകൾ നീണ്ട വിചാരണക്കും മർദനത്തിനും ഒടുവിൽ അവശനായി കിടന്ന രാംനാരായണനെ പൊലീസ് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അന്ന് വൈകിട്ടോടെ രാംനാരായണൻ മരിച്ചു. ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ ആയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു യുവാവിനെ നാട്ടുകാർ മർദിച്ച് കൊലപ്പെടുത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe