വടകര: ചെമ്മരത്തൂർ ഉപ്പിലാ മലയിലുണ്ടായ ശക്തമായ കാട്ടുതീയിൽ ഏക്കറ കണക്കിന് ഭൂമി കത്തിയമർന്നു. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ മലയുടെ മുകൾഭാഗത്ത് ആരംഭിച്ച തീ, നിമിഷങ്ങൾക്കകം താഴേക്ക് പടരുകയായിരുന്നു. നാട്ടുകാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തിയ തീപ്പിടുത്തം ഇന്നലെ രാത്രിയോടെയാണ് പൂർണ്ണമായും അണയ്ക്കാനായത്.
ആദ്യഘട്ടത്തിൽ വടകരയിൽ നിന്നെത്തിയ അഗ്നിശമന സേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ വീശിയടിച്ച ശക്തമായ കാറ്റിൽ, അണഞ്ഞുവെന്ന് കരുതിയ തീ കരിയിലകളിലൂടെ വീണ്ടും ആളിപ്പടർന്നത് ആശങ്ക വർദ്ധിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ മലയുടെ ഭൂരിഭാഗം പ്രദേശങ്ങളും അഗ്നിക്കിരയായി.
ചെങ്കുത്തായ പ്രദേശം ആയതിനാൽ ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് മുകളിലേക്ക് എത്താൻ പ്രയാസം നേരിട്ടത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഒടുവിൽ നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് രാത്രിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
