താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി കാറിലും ബൈക്കിലും ഇടിച്ചു മറിഞ്ഞു; ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,

news image
May 26, 2026, 6:50 am GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ എട്ടാം വളവിൽ നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ച ശേഷം റോഡിനു വശത്തെ ഓടയിലേക്ക് മറിഞ്ഞു. രാവിലെ ഏഴേകാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തെത്തുടർന്ന് ലോറി മാറ്റാത്തതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ചുരം ഇറങ്ങിവരികയായിരുന്ന കർണാടക റജിസ്ട്രേഷനിലെ ചരക്കു ലോറിയാണ് നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ലോറി ഇടിച്ച ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് വാഹനത്തിന് അടിയിൽപെടാതിരുന്നത്. പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.

എട്ടാം വളവിൽ ചെറിയ ഗതാഗത തടസം ഉണ്ടായതിനെത്തുടർന്ന് കാത്തിനിൽക്കുകയായിരുന്ന വാഹനങ്ങൾക്കിടയിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ചുകയറിയത്. ബൈക്കിൽ ഇടിച്ച ശേഷം ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്തും ഇടിച്ച ശേഷം റോഡ് അരികിലുള്ള ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപെട്ട കാറിന്റെ പിന്നിലെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

അപകടത്തെത്തുടർന്ന് രണ്ടാം വളവു മുതൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തി. ചുരത്തിൽ ഭാരവാഹനങ്ങൾക്ക് ഈ മാസം 16 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും അത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. അവധിക്കാലത്ത് വിനോദസഞ്ചാരികളും മറ്റും കൂടുതലായി ചുരത്തിലൂടെ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe