ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല

news image
May 26, 2026, 8:32 am GMT+0000 payyolionline.in

പാലക്കാട്: ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സന് തിരിച്ചടി. പ്രശോഭിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളി. മണ്ണാർക്കാട് എസ് സി-എസ് ടി കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് പ്രശോഭ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ പ്രശോഭ് ഒളിവിലാണ്. പരാതി വന്ന് മാസങ്ങളായിട്ടും പൊലീസിന് പ്രശോഭിനെ പിടികൂടാൻ സാധിച്ചില്ല.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി, പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നൽകിയ പരാതി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതിയെ പിടികൂടാൻ പൊലീസ് വ്യാപക അന്വേഷണം നടത്തുന്നതിനിടെ പാലക്കാട്ടെ ഒരു അഭിഭാഷകൻ മുഖേന മണ്ണാർക്കാട് എസ് സി/എസ് ടി പ്രത്യേക കോടതിയിൽ പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. നിരപരാധിയാണെന്നും, ജാമ്യം ലഭിച്ചാൽ അന്വേഷണത്തോട് സഹകരിക്കാമെന്നുമാണ് പ്രശോഭ് മുൻകൂർ ജാമ്യ അപേക്ഷയിലൂടെ കോടതിയെ അറിയിച്ചത്. ഇത് തള്ളിയതിന് പിന്നാലെയാണ് പ്രശോഭ് ഹൈക്കോടതിയിലെത്തിയത്.

അതേസമയം പൊലീസ് പ്രശോഭിനെ സഹായിക്കുന്നുവെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ട് രണ്ട് മാസമായിട്ടും അറസ്റ്റ് ചെയ്തില്ലെന്നതിൽ നിന്നും കേരള പൊലീസ് ഈ കേസിന് എത്രമാത്രം വിലയാണ് നൽകുന്നതെന്ന് മനസിലാകും. പ്രതിക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും പ്രശാന്ത് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe