കോടിക്കൽ എ.എം.യു.പി സ്കൂളിൽ ‘സർഗ്ഗ സായാഹ്നം’ സാഹിത്യ ശില്പശാല

news image
Jul 15, 2026, 9:42 am GMT+0000 payyolionline.in

നന്തിബസാർ: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിൽ രക്ഷിതാക്കൾക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെ വൻമുഖം കോടിക്കൽ എ.എം.യു.പി സ്കൂളിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘സർഗ്ഗ സായാഹ്നം’ എന്ന പേരിലാണ് പരിപാടി നടത്തിയത്. ബി.ആർ.സി ട്രെയിനർ വികാസ് മാസ്റ്റർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

പുസ്തക ചർച്ച, പുസ്തകാസ്വാദനം, പുസ്തക പരിചയം എന്നീ സെഷനുകളിലായി നടന്ന ശില്പശാലയിൽ പ്രശസ്ത കൃതികൾ പഠനവിധേയമാക്കി. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ആനപ്പൂട’, ‘മതിലുകൾ’ എന്നീ കൃതികളെ ആസ്പദമാക്കി സഹീറ ടീച്ചർ, ശില്പ ടീച്ചർ എന്നിവർ വിഷയാവതരണം നടത്തി.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പുസ്തകത്തെ മുൻനിർത്തി ഹാജറ എൻ.സി, സാജിത ബാനു എന്നിവരും ‘മഞ്ഞവെയിൽ മരണങ്ങൾ’ എന്ന കൃതിയെ ആസ്പദമാക്കി സലീഹ ഫർസാന ഇ.ടി.കെയും ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചു. അഖിൽ പി. ധർമജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുസ്തകം റോസ്‌ന ജെബിൻ പരിചയപ്പെടുത്തി. കൂടാതെ, പുതിയ കാലത്തെ ഓൺലൈൻ നോവൽ ആപ്പുകളെ പരിചയപ്പെടുത്തിക്കൊണ്ട് ജസ്‌ന ടി.വി സംസാരിച്ചു.

പി.ടി.എ പ്രസിഡന്റ് നസീർ എഫ്.എം ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ. ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷഹിൻഷാ, ഷമീത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ജകിഷ ടീച്ചർ സ്വാഗതവും എസ്.ആർ.ജി കൺവീനർ ഷമീത ടീച്ചർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe