സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പ് വെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി. എകിസ്റ്റ് വിസ നടപടിയും പൂർത്തിയായി. ഇനി എമിഗ്രേഷൻ നടപടികളാണ് പൂർത്തിയാക്കാനുള്ളത്. എമിഗ്രേഷൻ നടപടി കൂടി പൂർത്തിയായാൽ റഹീമിന് നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും സഹായ സമിതി വ്യക്തമാക്കി.
2006 ഡിസംബർ 24-നാണ് സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ട കേസിൽ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു.
ഇത് അനുസരിക്കാതിരുന്ന അബ്ദുൽ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്. എന്നാൽ ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) മോചനദ്രവ്യമായി നൽകിയതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയിരുന്നു.
