തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട കേസ് എസ്ഐടി രൂപീകരിച്ച് പുനരന്വേഷിക്കാൻ സംസ്ഥാന സർക്കാർ. എസ്ഐടി രൂപീകരിക്കാൻ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേസിൽ ഫോറൻസിക് റിപ്പോർട്ട് അടക്കം വേഗത്തിലാക്കും. നേരത്തെ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയുടെ പരാതിയിൽ കേസ് വീണ്ടും അന്വേഷിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ ഓഫീസിൽ നേരിട്ട് എത്തിയാണ് പാറക്കൽ അബ്ദുള്ള പരാതി നൽകിയത്.
വടകരയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എൻകൗണ്ടർ വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയൻ എന്ന വാട്സ് ആപ്പ് വഴിയും ‘കാഫിർ’ വ്യാജ സ്ക്രീൻ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ വിശദമായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
2024 ഏപ്രിൽ 25-ന് ഉച്ചക്ക് 2.13-നാണ് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ 25-ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകീട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
