വടകര: കീഴലിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന് കുത്തേറ്റു. ആസാം സ്വദേശി വിശ്വാസിനാണ് പരിക്കേറ്റത്. കൂടെ താമസിക്കുന്ന ഉത്തംദേവ് നാഥ് എന്നയാളാണ് വിശ്വാസിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
കഴിഞ്ഞദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. വയറിനും തലയ്ക്കും മാരകമായി പരിക്കേറ്റ വിശ്വാസിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അക്രമത്തിന് ശേഷം ഓടിമറഞ്ഞ പ്രതി ഉത്തംദേവിനായി പോലീസ് വലവീശിയിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസും നാട്ടുകാരും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
