പിഎസ്‌സിയുടെ കവർ സംഘടിപ്പിച്ച്‌ സ്വന്തം മേൽവിലാസത്തിലേക്ക്‌ അയച്ചു; പരീക്ഷ എഴുതാതെ റാങ്ക്‌ ലിസ്റ്റിൽ

news image
Jul 16, 2023, 3:25 am GMT+0000 payyolionline.in
കൊല്ലം :  നിയമന ഉത്തരവ്‌ ലഭിച്ച രണ്ട്‌ ഉദ്യോഗാർഥികൾ ജോലിയിൽ പ്രവേശിക്കാതിരുന്നതാണ്‌ രാഖി തട്ടിപ്പിന്‌ ഉപയോഗിച്ചത്‌. 2022 ആഗസ്‌ത്‌ ഒന്നിന്‌ പിഎസ്‌സി പ്രസിദ്ധീകരിച്ച എൽഡിസി റാങ്ക്‌ ലിസ്റ്റിൽ ഇരുപത്തിരണ്ടാം റാങ്കുകാരൻ അമൽ എന്നയാൾ അഡ്വൈസ്‌ മെമ്മോയും നിയമന ഉത്തരവും ലഭിച്ചിട്ടും ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഇതു മനസ്സിലാക്കിയ രാഖി റാങ്ക്‌ ലിസ്റ്റ്‌ പകർത്തി മൊബൈലിൽ സാങ്കേതികവിദ്യയിലൂടെ അമലിന്റെ സ്ഥാനത്ത്‌ സ്വന്തം പേര്‌ ചേർക്കുകയായിരുന്നു. എന്നിട്ട്‌ പിഎസ്‌സിയുടെ കവർ സംഘടിപ്പിച്ച്‌ സ്വന്തം മേൽവിലാസത്തിലേക്ക്‌ അയച്ചു.
എന്നാൽ, അമൽ റവന്യു വകുപ്പിൽ പ്രവേശിക്കാതെ പഞ്ചായത്തുവകുപ്പിൽ പ്രവേശിച്ച വിവരം രാഖിക്ക്‌ എങ്ങനെ ലഭിച്ചുവെന്നത്‌ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. വ്യാജ നിയമന ഉത്തരവ്‌ സ്വന്തം വിലാസത്തിൽ അയക്കാൻ രാഖി ഉപയോഗിച്ച കവർ പിഎസ്‌സിയുടേത്‌ ആണെന്ന്‌ സംശയിക്കുന്നു. ഈ കവർ എങ്ങനെ കിട്ടിയെന്നും പൊലീസ്‌ അന്വേഷിക്കും. പുറത്തുള്ള ഡെസ്‌പാച്ച്‌ നമ്പർ ഉപയോഗിച്ച്‌ കവർ മുമ്പ്‌ ആർക്കാണ്‌ അയച്ചതെന്ന്‌ പിഎസ്‌സി കണ്ടെത്തും.
പിഎസ്‌സിയുടെ സെക്രട്ടറിയറ്റ്‌ അസിസ്റ്റന്റ്‌ റാങ്ക്‌ ലിസ്‌റ്റിൽ 102-ാം റാങ്കിലുള്ളത്‌ സരിഗ എന്നയാളാണ്‌. എന്നാൽ, കൃത്രിമ റാങ്ക്‌ പട്ടികയിൽ ഈ സ്ഥാനത്ത്‌ രാഖിയാണ്‌. ഇതും പിഎസ്‌സി ഉദ്യോഗസ്ഥർ കണ്ടെത്തി. കുറ്റം മൂടിവയ്‌ക്കാൻ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും മുന്നിൽ രാഖി വ്യാജകഥകൾ മാറ്റിമാറ്റി പറഞ്ഞിരുന്നു. എൽഡി ക്ലർക്ക്‌ പരിക്ഷ മയ്യനാട്‌ സ്‌കൂളിൽ എഴുതിയെന്നാണ്‌ പറഞ്ഞത്‌. എന്നാൽ, ഈ ദിവസം സ്‌കൂളിൽ പരീക്ഷ നടത്തിയിരുന്നില്ലെന്ന്‌ പിഎസ്‌സി ജില്ലാ ഓഫീസർ ടി എ തങ്കം തെളിയിച്ചു. അഡ്വൈസ്‌ മെമ്മോ അയക്കുന്നതിന്‌ പിഎസ്‌സിക്ക്‌ പ്രത്യേക ലെറ്ററിങ്ങുണ്ട്‌.
അതിനിടെ വ്യാജരേഖകളെല്ലാം താൻതന്നെ സൃഷ്‌ടിച്ചതാണെന്ന രാഖിയുടെ മൊഴി പൊലീസ്‌ പൂർണമായും വിശ്വസിച്ചിട്ടില്ല. വാളത്തുംഗൽ സ്വദേശിയായ അനീഷ്‌ എന്നയാളുടെ സഹായം യുവതിക്ക്‌ ലഭിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷിച്ചുവരുന്നു. കൊല്ലം പിഎസ്‌സി ഓഫീസിലെത്തിയ രാഖിയോട്‌ അഡ്വൈസ്‌ മെമ്മോയുടെയും നിയമന ഇത്തരവിന്റെയും യഥാർഥ കോപ്പി ചോദിച്ചിട്ട്‌ കൊടുക്കാതിരുന്നതും തുടക്കത്തിലേ ഉദ്യോഗസ്ഥർക്ക്‌ തട്ടിപ്പ്‌ മണത്തു. പിന്നീട്‌ സ്ഥലത്തെത്തിയ പൊലീസിന്‌ രാഖി വ്യാജ രേഖകൾ കൈമാറുകയും ചെയ്‌തിരുന്നു.
വ്യാജരേഖ സൃഷ്‌ടിച്ചതിലൂടെ രാഖി ഭർത്താവിനെയും ബന്ധുക്കളെയുമാണ്‌ കബളിപ്പിച്ചത്‌. തുടക്കത്തിൽ രാഖിക്കൊപ്പംനിന്ന്‌ ബഹളം കൂട്ടിയ ഇവർക്ക്‌ കാര്യങ്ങൾ ബോധ്യപ്പെട്ടത്‌ വൈകിയാണ്‌. നിരപരാധികളാണെന്ന്‌ ബോധ്യപ്പെട്ടതിനെ തുടർന്നാണ്‌ പൊലീസ്‌ ഇവരെ വിട്ടയച്ചതും. ഭർത്താവിന്‌ ജോലിയുണ്ടെന്നും തനിക്ക്‌ ജോലിയില്ലാത്തതിന്റെ വിഷമം തീർക്കാനാണ്‌ വ്യാജരേഖ ചമച്ചതെന്നും യുവതി കൊല്ലം ഈസ്റ്റ്‌ പൊലീസിനോട്‌ പറഞ്ഞു. 2018ൽ ആയിരുന്നു രാഖിയുടെ വിവാഹം. റെയിൽവേ ഉദ്യോഗസ്ഥനാണ്‌ ഭർത്താവ്‌. നിയമന ഉത്തരവിൽ ഡിസ്‌ട്രിക്‌ട്‌ ഓഫീസർ റവന്യു വകുപ്പ്‌ കരുനാഗപ്പള്ളി എന്നു കണ്ടപ്പോഴേ പന്തികേട്‌ മനസ്സിലായെന്ന്‌ കരുനാഗപ്പള്ളി തഹസിൽദാർ പി ഷിബു പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe