പയ്യോളി : തച്ചൻകുന്ന് ഭാഗത്ത് 18 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിൽ വന്ധ്യകരണം ചെയ്യുന്നതിനായി നായകളെ പിടികൂടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ അടിയന്തിര യോഗം ചേർന്നിരുന്നു. യോഗ തീരുമാന പ്രകാരമാണ് നടപടി തുടങ്ങിയത്. 23 നായകളെയാണ് ബാലുശ്ശേരി വന്ധ്യംകരണ ക്ലിനിക്കിലേക്ക് മാറ്റിയത്.നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചത് പ്രകാരം പ്രത്യേക സ്ക്വാഡ് എത്തിയാണ് നായകളെ പിടികൂടിയത്.
തച്ചൻ കുന്നിൽ നിന്നും തെരുവ് നായ ശല്യമുള്ള നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് നായകളെ പിടികൂടിയത്. വന്ധ്യംകരണവും വാക്സിനേഷനും ചെയ്ത് പിടികൂടിയ സ്ഥലത്ത് തന്നെ നായകളെ തുറന്ന് വിടും. തെരുവ് നായകൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.
നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഭരണ സമിതി അംഗങ്ങളായ ഷെജ്മിന അസൈനാർ, കാര്യാട്ട് ഗോപാലൻ, നിഷാഗിരീഷ് , വെറ്റിനറി ഡോക്ടർ നീന തോമസ് എന്നിവർ നടപടികൾക്ക് നേതൃത്ത്വം നല്കി.