പയ്യോളി: സമീപ കാലത്ത് അനുദിനം സന്ദർശകരെ ആകർഷിക്കുന്ന ഒരു ടൂറിസ്റ്റ് സ്പോട്ടായി മാറിയിട്ടുണ്ട് മിനി ഗോവ. സീസണിൽ ഇവിടേയ്ക്ക് എത്തിച്ചേരുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. എന്നാൽ ഇവിടെ എത്തിച്ചേരാനുള്ള റോഡ് പാതിവഴിയിൽ വഴിമുട്ടിനില്ക്കയാണ്.
മിനി ഗോവ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആസ്വാദകർക്ക് എളുപ്പത്തിൽ കടന്നുവരാനും, അവരുടെ വാഹനങ്ങൾക്ക് അനായാസേന സഞ്ചരിക്കാനും കഴിയുന്ന തരത്തിൽ കൊളാവിപ്പാലം -മിനി ഗോവാ റോഡ് പൂർണ്ണമാക്കി, വീതികൂട്ടി നവീകരിക്കാൻ തീരദേശ വികസന സമിതി രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിവേദനം നൽകി.
വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച കൊളാവിപ്പാലം കടലാമ സംരക്ഷണ കേന്ദ്രം നവീകരിക്കാനും സമിതി നിവേദനം നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾക്ക് പ്രസ്തുത നിവേദനം ശുപാർശ ചെയ്യാമെന്ന് മന്ത്രി മറുപടി നൽകി. തീരദേശ മേഖലയിൽ വിനോദര സാധ്യതകൾക്ക് ആക്കം കൂട്ടാൻ പ്രവർത്തിച്ചു വരുന്ന തീരദേശ വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് നിവേദനം നൽകിയത്. സമിതിയുടെ സജീവ പ്രവർത്തകരായ രാജൻ കൊളാവിപ്പാലം, കെ.ടി രാജീവൻ , പി.പി പ്രഭാകരൻ , പിടിവി രാജീവൻ എന്നിവർ ചേർന്നാണ് മന്ത്രിയ്ക്ക് നിവേദനം സമർപ്പിച്ചത് .