പയ്യോളി :പിന്നോക്ക വിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ ഉന്നമനവും സംരംഭങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി കേരള പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസിന് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ 3 കോടി രൂപ കൈമാറി. 4 ശതമാനം പലിശ ഈടാക്കിയാണ് ലോൺ തിരിച്ചടവ്. അർഹരായ 64 അയൽക്കൂട്ടങ്ങൾക്കും 13 സംരംഭ ഗ്രൂപ്പുകൾക്കുമാണ് വായ്പ നല്കുന്നത്. 2 കോടി 98 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
എം എൽ എ കാനത്തിൽ ജമീല കുടുംബശ്രീ സി ഡിഎസിനുള്ള വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് അയൽക്കൂട്ടത്തിനുള്ള വായ്പാ വിതരണം നിർവഹിച്ചു. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ കെ. പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിന്നോക്ക കോർപ്പറേഷൻ ഡയറക്ടർ വി.പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി. പിന്നോക്ക കോർപ്പറേഷൻ ഉപജില്ല മാനേജർ കെ.രവീന്ദ്രൻ വായ്പാ പദ്ധതി വിശദീകരിച്ചു.
നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസ് , പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ മഹിജ എളോടി കൗൺസിലർമാരായ കെ.സി ബാബുരാജ്, ചെറിയാവി സുരേഷ് ബാബു, പയ്യോളി നഗരസഭ കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി ടി.പി പ്രജീഷ് കുമാർ , സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഷൈന ഒ.കെ എന്നിവർ സംസാരിച്ചു.
പയ്യോളി കുടുംബശ്രീ ചെയർ പേഴ്സൺ രമ്യ പി പി സ്വാഗതവും പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് സുധ.വി നന്ദിയും പറഞ്ഞു. ഇരിങ്ങൽ സർഗ്ഗാലയിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.