പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ലഭിച്ച ഷോർണൂർ- കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. റെയിൽവേ വികസന കർമ്മസമിതി നൽകിയ സ്വീകരണത്തിന് നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർമാൻ പത്മശ്രീ പള്ളി വളപ്പിൽ, സമിതി ജനറൽ കൺവീനർ മഠത്തിൽ നാണു,സബീഷ് കുന്നങ്ങോത്ത് എന്നിവർ നേതൃത്വം നൽകി. പി ടി ഉഷ, ഷാഫി പറമ്പിൽ എംപി എന്നിവർക്ക്അഭിവാദ്യം വിളിച്ചായിരുന്നു സ്വീകരണം.
സ്റ്റോപ്പ് നേടിയെടുത്ത പി ടി ഉഷ എംപിയുടെ ലോക്കറ്റ് ഉള്ള വലിയ മാല തീവണ്ടിക്ക് ചാർത്തി ആയിരുന്നു ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്വീകരണം.
ലോക്കോ പൈലറ്റ് മാർക്ക് മണ്ഡലം പ്രസിഡണ്ട് എകെ ബൈജു മാലയണിയിച്ചു. കെ സി രാജീവൻ, കെഎം ശ്രീധരൻ, സതീശൻ മോച്ചേരി എന്നിവർ നേതൃത്വം നൽകി. ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ മിഠായി വിതരണം ചെയ്തു. കെ പി ഗിരീഷ് കുമാർ നേതൃത്വം നൽകി. സ്റ്റോപ്പ് അനുവദിച്ചു തന്നതിൽ പിടി ഉഷയെ പയ്യോളി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് എംപി ജിതേഷ് അഭിനന്ദനങ്ങൾ അറിയിച്ചു. ഇതിനിടെ റെയിൽവേയുടെ അറിയിപ്പ് തെറ്റിച്ച് വ്യാഴാഴ്ച രാവിലെ ഷൊർണൂരിലേക്ക് പോകുമ്പോൾ തീവണ്ടി പയ്യോളിയിൽ നിർത്തി.