ഷിബില നേരിട്ടത് ക്രൂര പീഡനം; പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് പിതാവ്

news image
Mar 22, 2025, 6:17 am GMT+0000 payyolionline.in

കോഴിക്കോട്: കൊലക്ക് ശേഷം കാറിൽ രക്ഷപ്പെട്ട ഷിബിലയുടെ ഭർത്താവ് യാസറിനെ രാത്രി 12 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റി പരിസരത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു. യാസറിൽ നിന്ന് ഷിബിലക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടായിരുന്നെന്നും പരാതി നൽകിയിട്ടും നടപടികളുണ്ടാകാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

യാസറിന്റെ ഉപദ്രവം സഹിക്കാനാവാതെ ‍വന്നതോടെയാണ് ഷിബിലയും വീട്ടുകാരും കഴിഞ്ഞ ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. എന്നാൽ, തുടർ നടപടി മധ്യസ്ഥ ചർച്ചയിലൊതുങ്ങുകയായിരുന്നു.

രാസലഹരിക്ക് അടിമയായ യാസറിൻ്റെ ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്നാണ് അയൽവാസിയും വാർഡ് അംഗവുമായ ഡെന്നി വർഗീസ് പറയുന്നത്.

 

അടിവാരത്തെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഷിബില ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുഞ്ഞിന്റെ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കൂട്ടി കത്തിച്ച് വിഡിയോ എടുത്ത് വാടസ്ആപ്പിൽ സ്റ്റാറ്റസ് ആക്കുകയായിരുന്നു.

ഇത് കണ്ട് ഭയന്ന് ആ വീട്ടിലുള്ള സ്കൂൾ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ യാസറിൽ നിന്ന് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഷിബിലയുടെ വീട്ടുകാർ പഞ്ചായത്ത് അംഗത്തിനെ സമീപിക്കുകയായിരുന്നു. മധ്യസ്ഥ ചർച്ചയിൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് ഏറ്റാണ് പിരിഞ്ഞത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഷിബിലയുടെ വീട്ടിലെത്തി യാസർ സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകുന്നേരം ഞാൻ വരും നമുക്ക് സലാം ചൊല്ലി പിരിയാമെന്ന് പറഞ്ഞാണ് യാസർ മടങ്ങിയത്. പിന്നീട് രാത്രി ഏഴുമണിയോടെ തിരിച്ചെത്തിയത് വെട്ടുകത്തിയുമായാണ്. തർക്കത്തിനിടെ ഷിബിലയെ ആഞ്ഞുവെട്ടുകയും തടയാൻ ശ്രമിച്ച മാതാപിതാക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു.

കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെതുടർന്ന് പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷിബില മരിച്ചു.

അതേസമയം, ആക്രമണ സമയത്ത് പ്രതി യാസർ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാസലഹരിയുടെ സാന്നിധ്യമില്ലെന്ന് തെളിഞ്ഞതോടെ വളരെ ആസൂത്രിതമായി, പുതിയ കത്തി വാങ്ങിയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് അനുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe