വിയർപ്പുനാറ്റമകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും; അറിയാം ചെറുനാരങ്ങയുടെ വലിയ ഗുണങ്ങള്‍…

news image
Nov 13, 2022, 7:17 am GMT+0000 payyolionline.in

നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങയുടെ ഗുണങ്ങളെക്കുറിച്ച് അറിയാം…

 

ഒന്ന്…

വിറ്റാമിന്‍ സിയുടെ കലവറയാണ് ചെറുനാരങ്ങ. അതുകൊണ്ടുതന്നെ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീര് ഒഴിച്ച് കുടിക്കുന്നത് നല്ലതാണ്.

രണ്ട്…

ദഹന പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിവിധിയാണ് നാരങ്ങ. ഭക്ഷണത്തിന് മുകളിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് ദഹനത്തിന് സഹായിക്കും. കൂടാതെ ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും.

മൂന്ന്…

പൊട്ടാസ്യം ധാരാളം അടങ്ങിയതിനാൽ ചെറുനാരങ്ങ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. ഒരു കപ്പ് നാരങ്ങയിൽ ഏതാണ്ട് 280 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു രക്തസമ്മർദമുള്ളവർക്കു നാരങ്ങാവെള്ളം ഉത്തമമാണ്.

നാല്…

ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്, ക്വർസെറ്റിൻ, അസ്കോർബിക് എന്നിവയടങ്ങിയ സംയുക്തങ്ങൾ പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയവയുടെ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി നാരങ്ങ കഴിക്കുന്നത് നന്നല്ല.

അഞ്ച്…

നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പുനാറ്റം അകറ്റാൻ സഹായിക്കും.

ആറ്…

വിറ്റാമിൻ സിയുടെ ഉയർന്ന സ്രോതസ്സായ ചെറുനാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങളും ആൽഫ ഹൈഡ്രോക്സൈൽ ആസിഡുകളും നാരങ്ങയ്ക്ക് ഉണ്ട്. അവയ്ക്ക് ചർമ്മം തിളക്കമുള്ളതാക്കാനും ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാനും കഴിയും.

ഏഴ്…

താരൻ പ്രതിരോധിക്കാനും നാരങ്ങ നല്ലതാണ്. ഇതിനായി ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe