പയ്യോളി : പയ്യോളി തീരദേശമേഖലയിലെ 17 ഡിവിഷനുകൾക്കായി അനുവദിച്ച 35 കോടിരൂപയുടെ കുടിവെള്ളപദ്ധതിക്കെതിരേ വാട്ടർ അതോറിറ്റി നടത്തുന്ന ഹീനമായ നടപടികളിൽ പ്രതിഷേധിച്ച് പുൽക്കൊടിക്കൂട്ടം സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. പുൽക്കൊടിക്കൂട്ടം സാംസ്കാരിക വേദി സംഘടിപ്പിച്ച സമ്മേളനം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ജലമില്ലെങ്കിൽ കവിതയില്ല, കുയിൽ പാടില്ല, മനുഷ്യനില്ല, ജീവന്റെ തുടിപ്പുമില്ല. ആ ജലം തരുന്ന മഴ നമുക്ക് സൗജന്യമാണ്. പിന്നെ എന്തിനാണ് ഉദ്യോഗസ്ഥമേൽക്കോയ്മ പ്രകൃതി നൽകിയ വരദാനത്തെ നിഷേധിക്കുന്നതെന്ന് കവി ചോദിച്ചു.
വർഷങ്ങൾക്കുമുമ്പ് താൻ എഴുതിയ ജലദർശനം എന്ന കവിതയിലെ ‘പുൽക്കൊടിയേ നിനക്ക് ഒരുതുള്ളി വെള്ളം വേണ്ടേ’ എന്ന ഈരടികൾ ചൊല്ലി. എം. സമദ് അധ്യക്ഷനായി. ശ്രീകലാ ശ്രീനിവാസൻ, പി.എം. നിഷിത്, ചാലിൽ പവിത്രൻ എന്നിവർ സംസാരിച്ചു. യോഗം പ്രതിഷേധപ്രമേയവും പാസാക്കി. നൂറുകണക്കിനുപേർ പങ്കെടുത്ത പ്രകടനവും നടന്നു. ഷീബാ പവിത്രൻ, നിർമല, ചിത്ര, ഗീതാ പ്രകാശൻ, ഷീബ, സൗജത്ത്, കമല, അംബിക എന്നിവർ നേതൃത്വംനൽകി.