തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ നോട്ടുകൾ പോലീസ് പിടിച്ചെടുത്തു. കള്ളനോട്ടുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് റൂറൽ സ്ക്വാഡും മതിലകം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 18 കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഏകദേശം 26 കോടി രൂപയോളം മൂല്യം തോന്നിക്കുന്ന നോട്ടുകളാണ് പെട്ടികളിലുണ്ടായിരുന്നത്.
കള്ളനോട്ടുകളാണെന്ന സംശയത്തിൽ പോലീസ് നോട്ടുകൾ വിശദമായി പരിശോധിച്ചതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. പിടിച്ചെടുത്തവ യഥാർഥ കറൻസികളല്ലെന്നും സിനിമാ ചിത്രീകരണത്തിനും മറ്റും ഉപയോഗിക്കുന്ന ഡമ്മി നോട്ടുകളാണെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
തുടർന്ന് നോട്ടുകൾ മതിലകം പോലീസ് കസ്റ്റഡിയിലെടുത്തു. ഇത്രയധികം ഡമ്മി നോട്ടുകൾ എന്തിനാണ് വാടകക്കെട്ടിടത്തിൽ എത്തിച്ച് സൂക്ഷിച്ചതെന്നും ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
