പത്തനംതിട്ട: കവർച്ച ലക്ഷ്യമിട്ട് സ്വകാര്യ ബസിൽ കയറി വേഷം മാറിയ തമിഴ്നാട് സ്വദേശിനികളായ മോഷ്ടാക്കൾ റാന്നി പോലീസിന്റെ പിടിയിലായി. കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് അറസ്റ്റിലായത്. ഉച്ചയ്ക്ക് 12:30-ഓടെ കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. ബസിൽ കയറിയ രണ്ട് യുവതികൾ യാത്രയ്ക്കിടെ വസ്ത്രം മാറുന്നതും സംശയാസ്പദമായി പെരുമാറുന്നതും ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പന്തികേട് തോന്നിയ ബസ് ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്റോയെ വിവരമറിയിച്ചു.
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിനെ വിവരം ധരിപ്പിച്ചതിനെ തുടർന്ന്, എസ്.ഐ സിബി എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റാന്നി പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച് വനിതാ പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഒരാളുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെടുത്തു. ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് ഇവർ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതികളുടെ ചിത്രങ്ങൾ പരിശോധിച്ചതിൽ, ഇരുവരും വിവിധ സ്റ്റേഷനുകളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
