വടകര: ആകർഷകമായ ഓഫറുകൾ നൽകി ഫർണിച്ചർ കുറിയുടെ പേരിൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാന പ്രതിയെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസ്തഫയാണ് പിടിയിലായത്. മലപ്പുറത്തുനിന്നാണ് വടകര പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വടകര മുനിസിപ്പാലിറ്റിയിലെ മാക്കൂൽ കേന്ദ്രീകരിച്ച് ‘റോയൽ ഫർണിച്ചർ’ എന്ന പേരിൽ സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്. മാസം 1000 രൂപ വീതം 20 മാസം അടച്ചാൽ ഇഷ്ടമുള്ള ഫർണിച്ചറുകളോ ഇലക്ട്രോണിക്സ് ഉപകരണങ്ങളോ സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. ഓരോ മാസവും നറുക്കെടുപ്പുണ്ടാകുമെന്നും നറുക്ക് വീഴുന്നവർക്ക് പിന്നീട് പണം അടയ്ക്കേണ്ടതില്ലെന്നും വിശ്വസിപ്പിച്ചാണ് സാധാരണക്കാരെ കുറിയിൽ ചേർത്തത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത സാധനങ്ങൾ ലഭിക്കാതായതോടെ പണമടച്ചവർ മാക്കൂലിലെ ഓഫീസിലെത്തി അന്വേഷിച്ചു. ഈ സമയത്താണ് സ്ഥാപനം പൂട്ടിയതായും പ്രതികൾ പണവുമായി മുങ്ങിയതായും ഇവർ അറിയുന്നത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൂറോളം പരാതികളാണ് വടകര പോലീസിന് ലഭിച്ചത്. പരാതിക്കാരിൽ പലർക്കും 15,000 രൂപയിലേറെ നഷ്ടപ്പെട്ടിട്ടുണ്ട്. സമാന രീതിയിൽ ഈ സംഘം മലപ്പുറത്തും തട്ടിപ്പ് നടത്തിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
