വടകര: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പ്രമുഖ ലഹരിവിൽപ്പനക്കാരനെ വടകര എക്സൈസ് സംഘം കൈയോടെ പിടികൂടി. മാങ്ങോട്ടുപാറ സ്വദേശി കാസിം ആണ് വടകര അടക്കാതെരുവിൽ വെച്ച് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് ആറ് ഗ്രാമിലധികം എം.ഡി.എം.എ പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കാസിം പ്രധാനമായും ലഹരി വിൽപ്പന നടത്തിയിരുന്നത്. ഇയാൾ വടകരയും പരിസരപ്രദേശങ്ങളിലും സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നൽകുന്നതായി എക്സൈസ് ഇന്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടകര എക്സൈസ് സംഘം ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്നാണ് അടക്കാതെരുവിൽ വെച്ച് ലഹരിമരുന്ന് കൈമാറാനുള്ള ശ്രമത്തിനിടെ പ്രതിയെ എക്സൈസ് സംഘം വളഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ഹോൾസെയിൽ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
