നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിക്ക് ഒരു വർഷത്തെ കരുതൽ തടങ്കൽ; ഉള്ളിയേരി സ്വദേശി തിരുവനന്തപുരം സെൻട്രൽ ജയിലിൽ

news image
Aug 8, 2026, 1:58 pm GMT+0000 payyolionline.in

വടകര: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിക്ക് ഒരു വർഷത്തെ കരുതൽ തടങ്കൽ ശിക്ഷ വിധിച്ച് ഉത്തരവായി. അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉള്ളിയേരി, മഠത്തിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ജവാദിനെയാണ് (31) PIT NDPS (പിവെൻഷൻ ഓഫ് ഇൽസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ട് പ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കിയത്.

വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം ലഹരിമരുന്ന് കേസുകളിൽ പ്രതിയായ ഇയാളെ അത്തോളി പോലീസ് ഇൻസ്‌പെക്ടർ സജിത്ത് എം, കോഴിക്കോട് റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ടി. ഉത്തംദാസ് എന്നിവരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കോഴിക്കോട് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ആഭ്യന്തര വകുപ്പിന് നൽകിയ ശുപാർശ അംഗീകരിച്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കോഴിക്കോട് റൂറൽ ജില്ലയിൽ നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe