കൊയിലാണ്ടി: മയക്കുമരുന്നടക്കമുള്ള ലഹരി വസ്‌തുക്കളുടെ വിപണനവും ഉപയോഗവും മിക്ക ഇടങ്ങളിലും അമ്പരപ്പിക്കുംവിധം വർധിച്ചുവരുന്നതായാണ് കണക്കുകൾ. ലഹരി വിപണനക്കാരെ വീഴ്ത്താൻ വലവിരിച്ച് കൊയിലാണ്ടി പോലീസ് . 6 മാസത്തിനകം 85 കേസുകൾ എന്‍ ഡി പി എസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യുകയും നൂറോളം പ്രതികളെ കസ്റ്റഡിയിലാവുകയും ചെയ്തു. 20 പേർ റിമാന്റിലാണ്. എ ഡി.എം.എ, കറുപ്പ്, ഹഷീഷ് ഓയിൽ, കഞ്ചാവ് എന്നിവകളാണ് പോലീസ് പിടിച്ചെടുത്തത്
ചെറിയ അളവിൽ കൈവശംവെച്ചവരുടെ പേരിൽ കേസ്സെടുക്കുകയും മീഡിയം അളവിലും കച്ചവടാവശ്യാർത്ഥം കൈവശം വെച്ച വരെ റിമാന്റു ചെയ്യുകയും ചെയ്തു. ലഹരി കടത്താൻ ഉപയോഗിച്ച ബൈക്ക്, കാർ, ഓട്ടോ റിക്ഷ എന്നിവയും കസ്റ്റഡിയിലുണ്ട്. റൂറൽ ജില്ലയിലെ ഏറ്റവും കൂടുതൽ കേസ്സുകൾ റിപ്പോർട്ട് ചെയ്തത് കൊയിലാണ്ടിയിലാണ്. അന്വേഷണത്തിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നീങ്ങുന്നത്.
സ്കൂൾ കോളേജ് വിദ്യാർത്ഥികളേയും പഠനം പാതിവഴിയിൽ നിർത്തിയവരേയും യുവാക്കളേയും ലക്ഷ്യം വെച്ചാണ് വിപണനം. ഒരു ഗ്രാം മൂവായിരം മുതൽ 6000 രൂപ വരെയാണ് വില. കച്ചവടക്കാർ എല്ലാ സുരക്ഷാ സംവിധാനങ്ങളും സ്വീകരിച്ചാണ് എത്തുക. പോലീസിന്റെ നീക്കം വരെ ഇവർക്കറിയാൻ സംവിധാനങ്ങളുണ്ട്. പലരും ചെറിയ തോതിലുള്ള ആയുധങ്ങളും സൂക്ഷിക്കും. ലഹരികച്ചവടക്കാരെ പിടികൂടാൻ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്.
മഫ്ടിമിൽ നിരീക്ഷണ നടത്തിയശേഷമാണ് റെയിഡ്. ജാഗ്രതയോടെയാണ് പോലീസ് ഇടപെടൽ. ലഹരിയ്ക്കെതിരെ വലിയ തോതിലുള്ള ബോധവത്ക്കരണവും പോലീസ് നടത്തുന്നുണ്ട്. വീട്ടിൽ വൈകി എത്തുന്ന കുട്ടികളേയും അവരുടെ കൂട്ടുകാരേയും നിരീക്ഷിക്കണമെന്നാണ് പോലീസ് ബോധവത്കരണ പരിപാടിയിൽ രക്ഷിതാക്കളോട് പറയുന്നത്. സി.ഐ.എം.വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അനീഷ് വടക്കേടത്ത്, പി.എം ഷൈലേഷ്, വനിത പിങ്ക് പോലീസ് അടങ്ങുന്ന ഒരു ടീമാണ് ലഹരി സംഘത്തെ വീഴ്ത്താൻ നടപടിയുമായി മുന്നോട്ട് പോകുന്നത്.