പയ്യോളി: മേലടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതി അവതരിപ്പിച്ച മെഗാ ദാണ്ടിയ എന്ന ഗുജറാത്തി നൃത്തരൂപം കാണികൾക്ക് വിസ്മയ കാഴ്ചയായി. നൂറിൽപരം കലാകാരികൾ ഒരു മാസത്തെ പരിശീലനത്തിനുശേഷം ക്ഷേത്ര മൈതാനിയിൽ അവതരിപ്പിച്ച ഈ സംഘനൃത്തം കാണാൻ നാടിൻറെ നാനാഭാഗത്തുനിന്നും ആസ്വാദകർ എത്തിച്ചേർന്നിരുന്നു.
പയ്യോളി സ്വദേശിയായ സുധീഷ് നാട്യാഞ്ജലിയാണ് ഈ അപൂർവ്വ നൃത്തരൂപത്തിന് പരിശീലനം നൽകിയത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ പരിപാടികളിൽ ഗാഗ്രചോളി വസ്ത്രം ധരിച്ചാണ് ഈ നാടോടി നൃത്തരൂപം അവതരിപ്പിച്ച വരുന്നത്.ഇരു കൈകളിലും ചെറിയ കോലുകൾ ഉപയോഗിച്ച് നൃത്തം ചെയ്യുന്നതു കൊണ്ടാണ് ഈ നൃത്തരൂപത്തിന് ധാണ്ടിയാ നൃത്തം എന്ന് പേര് വന്നത്. വൃത്താകൃതിയിൽ അണിനിരക്കുന്ന കലാകാരികൾപാട്ടിനൊത്ത് കോലുകൾ പരസ്പരം അടിച്ചും വ്യത്യസ്ത പദചലനങ്ങളിലൂടെയും നൃത്തം ചെയ്യുന്നു. നൃത്ത പരിപാടി 45 മിനിറ്റ് നീണ്ടുനിന്നു.