മലപ്പുറം: പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 61കാരന് 54 വർഷം കഠിനതടവും 2.80 ലക്ഷം രൂപ പിഴയും ശിക്ഷ. തവനൂർ മറവഞ്ചേരി പറപ്പുത്ത് പറമ്പിൽ വാഴയിൽ വളപ്പിൽ വീട്ടിൽ മണികണ്ഠനെയാണ് പൊന്നാനി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. കോടതി ജഡ്ജി എസ്. ലിഷയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ നാലര വർഷം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഇതിനു പുറമെ ഇരയായ കുട്ടിക്ക് ഇരകളുടെ നഷ്ടപരിഹാര പദ്ധതിപ്രകാരം കൂടുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ നിയമസേവന അതോറിറ്റിയോട് കോടതി നിർദേശിച്ചു.
ശിക്ഷാവിധിക്കു പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തുവയസ്സുകാരനെ പ്രതി സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ടായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കുറ്റിപ്പുറം പൊലീസ് വിശദമായ അന്വേഷണം നടത്തി. അന്നത്തെ കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ പി.കെ. പത്മരാജനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പൊന്നാനി അതിവേഗ പ്രത്യേക കോടതിയിലെ മുൻ ജഡ്ജി സുബിത ചിറക്കലിന്റെ നേതൃത്വത്തിലാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. സുഗുണ, അഡ്വ. സപ്ന പി. പരമേശ്വരൻ എന്നിവർ ഹാജരായി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ചൂണ്ടിക്കാട്ടുന്നതാണ് കോടതി വിധി.
