താമരശ്ശേരിയിൽ പരിശോധനയ്ക്കിടെ എം.ഡി.എം.എയുമായി യുവതി പിടിയിൽ; വനിതാ എക്സൈസ് ഓഫീസറെ ആക്രമിച്ചു

news image
Nov 25, 2026, 4:52 am GMT+0000 payyolionline.in

താമരശ്ശേരി : സ്വകാര്യ അപ്പാർട്മെന്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 11.465 ഗ്രാം എം.ഡി.എം.എയുമായി യുവതി പിടിയിലായി. തിരുവമ്പാടി സ്വദേശിനി എ.കെ. സാക്കിറയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ അക്രമാസക്തയായ യുവതി വനിതാ സിവിൽ എക്സൈസ് ഓഫീസറെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.

​ചൊവ്വാഴ്ച കെടവൂർ വെണ്ടേക്കുമുക്കിലെ സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് യുവതിയിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്. താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ജെ. സജിൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

​നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയായ സാക്കിറ നേരത്തെയും മെത്താംഫെറ്റമിനുമായി പിടിയിലായിട്ടുണ്ട്. കാളികാവ് എക്സൈസ് റേഞ്ചിൽ 265 ഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയ കേസിലും കൽപ്പറ്റ എക്സൈസ് റേഞ്ചിൽ 3.06 ഗ്രാം മെത്താംഫെറ്റമിൻ കൈവശം വെച്ച കേസിലും ഇവർ പ്രതിയാണ്. ഈ കേസുകളിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും ലഹരിമരുന്നുമായി എക്സൈസിന്റെ പിടിയിലാകുന്നത്.

​അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.സി. മനോജ് കുമാർ, എസ്.ബി. അജീബ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ബി. അജീഷ്, ജി. ബൈജു, പ്രിവന്റീവ് ഓഫീസർ സി.പി. ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു, പി. അജിത്, സി. അമൽ നാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്. മഹിത, അഷ്മില ഷെറിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബവിൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe