പ്രധാനമന്ത്രി മോര്‍ബിയില്‍; തൂക്ക് പാലം തകര്‍ന്ന പ്രദേശം സന്ദര്‍ശിച്ചു

news image
Nov 1, 2022, 2:06 pm GMT+0000 payyolionline.in

മോർബി: തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ ഗുജറാത്തിലെ മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തി. ദുരന്ത മേഖലയിലും പരിക്കേറ്റവരെ ചികിത്സിക്കുന്ന സിവിൽ ആശുപത്രിയിലും പ്രധാനമന്ത്രിയെത്തി. മോദിയുടെ വരവ് പ്രമാണിച്ച് യുദ്ധകാലടിസ്ഥാനത്തിൽ ആശുപത്രി മോടിപിടിപ്പിച്ചതിനെതിരെ പ്രതിപക്ഷം വിമർശിച്ചു. അതിനിടെ, അപകടമുണ്ടായ തൂക്കുപാലത്തിൻറെ അറ്റകുറ്റപ്പണിയിൽ നടന്ന അഴിമതിയുടെ കൂടുതൽ വിവരങ്ങളും പുറത്ത് വന്നു.

വൈകീട്ട് നാല് മണിയോടെ വ്യോമസേനാ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി മോർബിയിലേക്കെത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സാംഗ്വി എന്നിവർ ദുരന്തഭൂമിയിലേക്ക് നേരിട്ടെത്തിയ നരേന്ദ്രമോദിയ്ക്ക് സാഹചര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് സിവിൽ ആശുപത്രിയിലെത്തിയ മോദി പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചു. മോർബി പൊലീസ് മേധാവിയുടെ ഓഫീസിൽ തുടർന്ന് അന്വേഷണ പുരോഗതി വിലയിരുത്താനും പ്രധാനമന്ത്രിയെത്തി. പ്രധാനമന്ത്രി എത്തുമെന്ന വിവരം ലഭിച്ചതോടെ ഇന്നലെ രാത്രി 40ലേറെ തൊഴിലാളികളെ എത്തിച്ച് ആശുപത്രിയിൽ മോടിപിടിപ്പിക്കൽ നടന്നിരുന്നു. പെയിൻറിംഗും പുതിയ ടൈൽ വിരിക്കലും തുടങ്ങിയ പണികൾക്കൊപ്പം പുതിയ മെത്തയും വിരിയും വരെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രധാനമന്ത്രിക്ക് ഷോട്ടോ ഷൂട്ടിന് വേദിയൊരുക്കലാണോ ഇതെന്ന് എന്ന് ആംആദ്മി പാർട്ടി പരിഹസിച്ചു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ മറന്ന് പോവരുതെന്ന് കോൺഗ്രസും ട്വീറ്റ് ചെയ്തു.

അതേസമയം അപകടമുണ്ടായ പാലം അറ്റകുറ്റപ്പണി നടത്തിയതിൽ നടന്ന അഴിമതിയുടെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്ത് വന്നു. നിർമ്മാണ രംഗത്ത് വൈദഗ്ദ്യം ഇല്ലാത്ത കമ്പനിക്ക് ടെണ്ടർ പോലുമില്ലാതെയാണ് കരാർ നൽകിയത്. പുതുക്കിപ്പണിതിട്ടും പഴയ കമ്പികൾ ഇപ്പോഴും പാലത്തിലുണ്ട്. 15 വർഷത്തേക്ക് ഈ കമ്പനിക്കാണ് പാലത്തിൻറെ നടത്തിപ്പ്  ചുമതലും. ലാഭക്കൊതിയിൽ കരാറിൽ പറഞ്ഞതിനെക്കാൾ കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കുകയും ശേഷിയിൽകൂടുതൽ ആളുകളെ കയറ്റുകയും കമ്പനി ചെയ്തു. ഫിറ്റ്നസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങും മുൻപ് പാലം തുറന്ന് കൊടുക്കുകയും ചെയ്തു. P2C പാലം തകർന്നതിൻറെ പൂർണ ഉത്തരവാദിത്തം നടത്തിപ്പ് ചുമതലയുള്ള കമ്പനിയുടെ തലയിൽ മാത്രം കെട്ടിവയ്ക്കുകയാണ് മോർബി മുനിസിപ്പാലിറ്റിയും ഗുജറാത്ത് സർക്കാരും. ഇതുവരെ അറസ്റ്റിലായ 9 പേർ ടിക്കറ്റ് മുറിച്ച് നൽകുകയും മറ്റും ചെയ്ത താഴെക്കിടയിലെ ജീവനക്കാർ മാത്രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe