പുറക്കാട് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം: ആശങ്ക പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി

news image
Nov 1, 2022, 1:55 pm GMT+0000 payyolionline.in

 

നന്തി ബസാർ : തിക്കോടി ഗ്രാമപഞ്ചായത്തിൽ പുറക്കാട് മൂന്നര പതിറ്റാണ്ടിലേറെയായി കലാ-കായിക വിനോദ പരിപാടികൾക്ക് യഥേഷ്ടം ഉപയോഗപ്പെടുത്തിപ്പോന്നിരുന്ന ജവാൻ കൈനോളി സുകുമാരൻ മെമ്മോറിയൽ മിനിസ്റ്റേഡിയം ഇൻ്റോർ സ്റ്റേഡിയമാക്കി പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി തിക്കോടി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

പ്രദേശത്തെ കുരുന്നു കുട്ടികളുടേയും മുതിർന്നവരുടെയും സാംസ്കാരികവും ധാർമികവുമായ വളർച്ചയിൽ വലിയ പങ്ക് വഹിച്ച സംരംഭമാണ് പുറക്കാട് മിനിസ്റ്റേഡിയം. ഈ സ്റ്റേഡിയം രണ്ടരകോടി രൂപ ചിലവഴിച്ച് ഇൻഡോർ സ്റ്റേഡിയമാക്കി പുനർനിർമിക്കുംബോൾ നിലവിലെ സൗകര്യങ്ങൾ വലിയ അളവിൽ തടയപ്പെടുമെന്നാണ് വിവിധ കോണുകളിൽ നിന്ന് മനസ്സിലാവുന്നത്.

മാത്രമല്ല, ഇൻഡോർ സ്‌റ്റേഡിയത്തിന്ഫീസ് ഈടാക്കുമെന്നും പറയപ്പെടുന്നു. നിലവിൽ അവിടെ നടന്നു കൊണ്ടിരിക്കുന്ന ക്രിക്കറ്റ്, ഫുഡ്ബോൾ പോലുള്ള വലിയ കളികൾ പൂർണ്ണമായും തടയപ്പെടുമെന്നും വലിയ തോതിൽ ജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തപ്പെടുന്ന കലാസാംസ്കാരിക പരിപാടികൾ തുടർന്നും നടത്താൻ കഴിയാത്ത സാഹചര്യം സംജാതമാവുന്നുമടക്കമുള്ള നിരവധി ആശങ്കകൾ പൊതുജനങ്ങൾക്കിടയിലുണ്ട്. ആയതിനാൽ ഈ പദ്ധതി പുന:പരിശോധിക്കുകയോ പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് വെൽഫെയർ പാർട്ടി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe