പയ്യോളി : പുലർച്ചെ സർവീസ് റോഡിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് പയ്യോളിയിൽ ഗതാഗതക്കുരുക്ക്. ഹൈവേ പോലീസ് സ്ഥലത്ത് ക്രെയിൻ എത്തിച്ച് 7 മണിയോടെ ലോറി മാറ്റിയ ശേഷമാണ് കുരുക്കിന് അയവുണ്ടായത്.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് പയ്യോളി ടൗണിൽ കോടതിക്ക് സമീപത്തായി ദേശീയപാതയ്ക്ക് കിഴക്കുള്ള സർവീസ് റോഡിൽ ലോറി കുടുങ്ങിയത്. ജോയിന്റ് തകർന്ന് പിൻവശത്തുള്ള ചക്രങ്ങൾ സമീപത്തെ സിമന്റ് ബാരിയറിൽ ഇടിച്ചാണ് തകരാറ് സംഭവിച്ചത്.
ഹരിയാനയിൽ നിന്ന് കോഴിക്കോട്ടേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് കുടുങ്ങിയത്.
ഹൈവേ പോലീസ് എസ് ഐ പി ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി ഗതാഗതം പടിഞ്ഞാറുവശത്തുള്ള സർവീസ് റൂട്ടിലൂടെ റോഡിലൂടെ വഴി തിരിച്ചു വിട്ടെങ്കിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയായിരുന്നു.
പിന്നീട് വടകരയിൽ നിന്ന് ക്രെയിൻ സ്ഥലത്തെത്തിച്ച് ഏഴ് മണിയോടെ ലോറി നീക്കിയ ശേഷമാണ് കുരുക്ക് അഴിഞ്ഞത്.
അതിരാവിലെ എയർപോർട്ടിലും മറ്റും പോവേണ്ടിയിരുന്ന ദീർഘദൂര യാത്രക്കാരാണ് ഗതാഗതക്കുരുക്കിൽപ്പെട്ട് നട്ടം തിരിഞ്ഞത്.