പുത്തൂർ സ്റ്റേഡിയം തർക്കം: ഹൈക്കോടതി കമ്മീഷൻ സ്ഥലപരിശോധന പൂർത്തിയാക്കി

news image
May 7, 2026, 4:58 am GMT+0000 payyolionline.in

വടകര: പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനോടുചേർന്നുള്ള നഗരസഭാ മിനി സ്റ്റേഡിയത്തിൽ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ സ്ഥലപരിശോധന നടത്തി. ഹൈക്കോടതി അഭിഭാഷകൻ നീരജ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. സ്റ്റേഡിയം നിലനിൽക്കുന്ന ഭാഗത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ സംരക്ഷണ സമിതി നൽകിയ ഹർജിയെത്തുടർന്നാണ് കോടതി നടപടി.

​ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന വൈകുന്നേരം അഞ്ചുമണി വരെ നീണ്ടുനിന്നു. മൈതാനം, സ്കൂൾ വളപ്പ്, സമീപത്തെ വയൽ, ഡയറ്റ് (DIET) സ്ഥലം എന്നിവ സർവേ സംഘം വിശദമായി അളന്നു തിട്ടപ്പെടുത്തി. കോടതി നിർദ്ദേശിച്ച ഏഴ് പ്രധാന കാര്യങ്ങൾ നിരീക്ഷിച്ച ശേഷം കമ്മീഷൻ ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ സ്റ്റേഡിയം സംരക്ഷണ സമിതിയുടെ പരാതിയെത്തുടർന്ന് ഇവിടെയുള്ള കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.

​പരിശോധനാ വേളയിൽ സ്റ്റേഡിയം സംരക്ഷണ സമിതി ഭാരവാഹികളും സ്കൂൾ അധികൃതരും പി.ടി.എ. പ്രതിനിധികളും കമ്മീഷന് മുൻപാകെ തങ്ങളുടെ ഭാഗങ്ങൾ വിശദീകരിച്ചു. സ്കൂൾ മൈതാനം സംരക്ഷിക്കണമെന്ന ആവശ്യത്തിൽ സംരക്ഷണ സമിതി ഉറച്ചുനിൽക്കുമ്പോൾ, ഏത് നിർമ്മാണവും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് നേരത്തെ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ വിഷയത്തിൽ കോടതിയുടെ അടുത്ത നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe