പയ്യോളി : ഷൊർണൂർ കണ്ണൂർ റൂട്ടിൽ പുതുതായി അനുവദിച്ച സ്പെഷൽ ട്രെയിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പയ്യോളി ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആഴ്ചയിൽ ചൊവ്വ ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്കും ബുധൻ വ്യാഴം വെള്ളി ശനി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് ഷൊർണൂരിലേക്ക് ആണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
ജൂലൈ രണ്ടു മുതൽ ആഗസ്റ്റ് ഒന്നു വരെ 18 സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരവിൽ കൊടുത്തിരിക്കുന്ന സ്റ്റോപ്പുകളിൽ കൊയിലാണ്ടി കഴിഞ്ഞാൽ വടകര മാത്രമേ അനുവദിച്ചിട്ടുള്ളൂ. വൈകുന്നേരം അഞ്ചരമണിക്ക് കോഴിക്കോട് നിന്ന് എടുക്കുന്ന ട്രെയിൻ 6 20ന് വടകരയിൽ എത്തുന്ന വിധത്തിലാണ് സമയ ക്രമീകരണം.
രാവിലെ 8 47ന് വടകരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന് 9 45 കോഴിക്കോട് സ്റ്റേഷനിൽ എത്തും. സ്ഥിരം യാത്രക്കാർക്കും സാധാരണ യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന സമയമാണ് ഈ ട്രെയിനിന്റെത്. നിലവിൽ ഒരു മാസത്തേക്ക് മാത്രമാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചതെങ്കിലും സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഈ ട്രെയിൻ സർവീസ് ആരംഭിക്കുന്ന ദിവസം മുതൽ പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പയ്യോളി ട്രെയിൻ പാസഞ്ചർ അസോസിയേഷൻ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പയ്യോളി ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ പി ഗിരീഷ് കുമാർ അറിയിച്ചു.