പള്ളിക്കര റോഡിലെ യാത്ര ദുസ്സഹം: പ്രതിഷേധവും സമരവും തുടരുന്നു

news image
Feb 5, 2025, 12:36 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര റോഡിലൂടെയുള്ള യാത്ര ദുസ്സഹമാവുന്നു. കീഴൂര്‍ മുതല്‍ നന്തി വരെ നീണ്ട് കിടക്കുന്ന ആറ് കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ പകുതിയോളം ഭാഗമാണ് തകര്‍ന്നത്. കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയിലൂടെയുള്ള യാത്ര ദുരിതമായതോടെ അധികൃതര്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ പള്ളിക്കര റോഡ് വഴി തിരിച്ചുവിട്ടതാണ് വിനയായത്. ഈ ശോച്യവസ്ഥ പരിഹരിക്കാൻ മഴകാലം കഴിഞ്ഞിട്ടും അധികൃതർ തയ്യാറായില്ല. ഇതിനിടെ ജൽജീവൻ മിഷൻ ഉണ്ടാക്കിയ കുഴി നാട്ടുകാർക്ക് വീട്ടിലേക്ക് വാഹനം കയറ്റാനും അരിക് ചേർന്ന് നടന്നു പോകാൻ പോലും പ്രയാസമായി. ഇവ മാത്രം രണ്ടുദിവസമായി മെറ്റലിട്ട് ടാർ ചെയ്യുന്നുണ്ട്. ഇത്രയുമായിട്ടും അറ്റകുറ്റപണികൾ പോലും നടത്താതാണ് റോഡിൻ്റെ സ്ഥിതി ഇത്രയും മോശമാക്കിയത്. ഇതിനിടെ രൂക്ഷമായ പൊടി ശല്യവും. കൃത്യമായ സമയത്ത് രോഗിയെ ആശുപതിയിൽ എത്തിക്കാൻ പോലും ബുദ്ധിമുട്ടിലാണ്.

പള്ളിക്കര റോഡില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പിട്ട ഭാഗത്ത് മാത്രം ടാറിങ് നടത്തുന്നു

രാഷ്ട്രീയപാര്‍ട്ടികളും യുവജന സംഘടനകളും ഇതിനകം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ സാംസ്കാരിക കൂട്ടായ്മയായ സൌഹൃദം പള്ളിക്കര ഉപവാസ സമരവും ഒപ്പ് ശേഖരണവും  നടത്തിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ വൈകുന്നേരം വരെ നടത്തിയ സമരത്തില്‍ പിന്തുണച്ച് നിരവധിപേര്‍ പങ്കെടുത്തു.

റോഡ് നിർമാണ കാലത്തെ ഓർമകൾ പങ്കുവെച്ച് പാലടി ബാലകൃഷ്ണൻ നായർ ഉപവാസം ഉദ്ഘാടനം ചെയ്തു. ബാബു താഴെഇല്ലത്ത്, പ്രജീഷ് പ്രജിമ, നാഗമുള്ളതിൽ ഉണ്ണികൃഷ്ണൻ, ബിജു കേളോത്ത്, കുളങ്ങരക്കണ്ടി സേതു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപവാസം.
ദിപിഷ എടവന, ഉണ്ണി വായാടി, കൈനോളി പ്രഭാകരൻ, എം.പി. ജിതേഷ്, ഒ.കെ. ഫൈസൽ, നടുക്കണ്ടി ബാബു, കാഞ്ചന കോമത്ത്, പൊയിൽ പീതാംബരൻ, പി. ഗോവിന്ദൻ, കണ്ണലംകണ്ടി കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ പുലരി, ഷാജി വായാടി, രാജീവൻ ഒതയോത്ത്, മണാട്ടിൽ വേണു, പ്രദീഷ് കരുവാണ്ടി, അനിൽ തായനാടത്ത് എന്നിവർ സംസാരിച്ചു. നമ്പ്യേരി ചന്ദ്രൻ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe