പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പയ്യോളിയിൽ ഇന്ന് പിടിഎ തെരഞ്ഞെടുപ്പ്.മുൻവർഷങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സമവായത്തിലാണ് സ്ഥാനങ്ങൾ ഏറ്റെടുത്തതെങ്കിൽ ഇത്തവണ രാഷ്ട്രീയപാർട്ടികൾ പോരാട്ടത്തിന്റെ വഴിയിലാണ്.
പിടിഎ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉള്ളവരെ ഇന്ന് ചേരുന്ന യോഗത്തിൽ തിരഞ്ഞെടുക്കും.ഇതിനായി ദിവസങ്ങൾക്കു മുൻപ് രാഷ്ട്രീയപാർട്ടികൾ രക്ഷകർത്താക്കളെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. രക്ഷിതാക്കളിൽ നിന്നുള്ള 11 അംഗങ്ങളെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തുക. അധ്യാപകരുടെ പ്രതിനിധിയായി പത്തുപേരും. ഇതിൽ രാഷ്ട്രീയപാർട്ടികൾ പാനൽ അവതരിപ്പിച്ചാണ് വോട്ട് തേടുന്നത്.
അതേസമയം രണ്ടുവർഷം മുൻപ് വരെ കയ്യാങ്കളിയുടെ വക്കോളം എത്തിയ പിടിഎ തെരഞ്ഞെടുപ്പിന്റെ ഓർമ്മയിലാണ് രക്ഷിതാക്കളിൽ ഭൂരിഭാഗവും. അന്നത്തെ തിരഞ്ഞെടുപ്പുകൾ രാത്രി 9 മണിവരെ നീണ്ട ചരിത്രവും ഉണ്ട്അന്ന് പോലീസ് എത്തിയാണ് ഇരു വിഭാഗങ്ങളെയും മാറ്റി സംഘർഷം ഒഴിവാക്കിയത്. . അതുകൊണ്ടുതന്നെ ഇത്തവണ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്കൂൾ അധികൃതർ പോലീസ് സഹായം നേരത്തെ തേടിയിട്ടുണ്ട്.
കഴിഞ്ഞതവണ ഹയർസെക്കൻഡറി പ്രിൻസിപ്പലും സ്കൂൾ ഹെഡ്മാസ്റ്ററും ഇടപെട്ടാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കിയത്.
സംസ്ഥാനത്തെ മികച്ച പിടിഎക്കുള്ള അവാർഡ് ലഭിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ഉൾപ്പെടുന്ന പാനൽ ഇത്തവണയും മത്സര രംഗത്ത് ഉണ്ട്. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി മോഹനാണ് പിടിഎ തിരഞ്ഞെടുപ്പിന്റെ ഭരണാധികാരി.