പയ്യോളി: മൂന്ന് ദിവസമായി തുടരുന്ന കനത്തമഴയിൽ ദേശീയപാതയിലെ ക്രിസ്ത്യൻപള്ളിക്കുസമീപവും അയനിക്കാട് പള്ളിക്കുസമീപവുമുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ച് പരിഹാരമുണ്ടാക്കുമെന്ന് കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. വെള്ളക്കെട്ട് മൂലം പ്രയാസമനുഭവിക്കുന്ന ദേശീയ പാതയോരവാസികളെ നേരിൽ കണ്ട് സംസാരിക്കുകയായിരുന്നു എംഎൽഎ.
അയനിക്കാട് ഭാഗത്ത് സർവ്വീസ് റോഡ് നിർമ്മാണത്തിലുണ്ടായ അപാകത മൂലം വീടുകളിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ അടിയന്തിരമായിപരിഹരിക്കണമെന്ന് കരാറു കാരോട് എംഎൽഎ നിർദ്ദേശിച്ചു. പെരുമാൾപുരം, ക്രിസ്ത്യൻപള്ളി ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓവുചാൽ നിർമ്മിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷംരൂപവരെ അനുവദിക്കുമെന്നും അവർപറഞ്ഞു. ദേശീയ പാത അതോറിറ്റിയുടെഎഞ്ചിനിയർമാരും, കരാർ കമ്പനി എഞ്ചിനിയർമാരും എംഎൽഎ യോടൊപ്പമുണ്ടായിരുന്നു.
പടം : ദേശീയപാതയോരത്തെ വെള്ളക്കെട്ട് സന്ദർശിച്ച് ജനപ്രതിനിധികളുമായും എഞ്ചിനിയർമാരുമായും കാനത്തിൽ ജമീല എംഎൽഎ ചർച്ച നടത്തുന്നു.