ലഹരിക്കെതിരെ പയ്യോളി തീരദേശത്ത് മനുഷ്യ ശൃംഖല ഡിസംബര്‍  4 ന്; അഞ്ച് കിലോമീറ്ററില്‍ ആയിരങ്ങള്‍ കണ്ണികളാവും

news image
Nov 29, 2022, 1:35 pm GMT+0000 payyolionline.in

പയ്യോളി :  ലോഹ്യഗ്രന്ഥാലയം അയനിക്കാടിന്റെ ആഭിമുഖ്യത്തിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ സാമുദായിക സന്നദ്ധ സംഘടനകളെ കോർത്തിണക്കി ലഹരിക്കെതിരെ ഡിസംബര്‍  4 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പയ്യോളി- കൊളാവി പാലം-കോട്ടക്കൽ റോഡിൽ ആയിരങ്ങളെ അണിനിരത്തി മനുഷ്യ ശൃംഖല സ്യഷ്ട്രിക്കുന്നു.

അനിയന്ത്രിതമായ ലഹരി വസ്തുക്കളുടെ വ്യാപനം തടയുക, രക്ഷിതാക്കൾക്കും കുട്ടികൾക്കും ലഹരി വസ്തുക്കളുടെ ദൂര വ്യാപകമായ ഫലങ്ങൾ ബോധ്യപ്പെടുത്തുക, ലഹരി വസ്തുക്കളുടെ വിതരണക്കാർക്കെതിരെ വെല്ലുവിളി ഉയർത്തുക തുടങ്ങിയവയാണ് ഈ മനുഷ്യ ശൃംഖല ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതോടനുബന്ധിച്ച് അന്നേ ദിവസം വൈകീട്ട് 3 മണിക്ക് “ലഹരിയും സമൂഹവും” എന്ന വിഷയത്തെ സംബന്ധിച് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തും. 4 മണിക്ക് 5 കിലോമീറ്റർ ദൈർഘ്യത്തിൽ മനുഷ്യശൃംഖല രൂപപ്പെടും. വടകര കോ സ്റ്റൽ പോലീസ് അസി: സബ്ബ് ഇൻസ്പെക്ടർ വി വി സജീവൻ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കും. വൈകീട്ട് 4:30 ന് അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രപരിസരത്ത് വെച്ച് നടനടക്കുന്ന പൊതു സമ്മേളനം  കെ മുരളീധരൻ എം.പി ഉദ്ഘാടനം  ചെയ്യും.

കാനത്തിൽ ജമീല മുഖ്യാതിഥി ആവുന്ന വേദിയിൽ അസി: എക്സൈസ് കമ്മീഷണർ  ബെഞ്ചമിൻ എ ജെ , ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  ആർ ഹരിപ്രസാദ്, യു എൽ സി സി എസ് ചെയർമാൻ  രമേശൻ പാലേരി എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം.പി ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുരേഷ് ചങ്ങാടത്ത് , നഗരസഭാ ചെയർമാൻ  ഷെഫീഖ് വടക്കയിൽ, നഗരസഭാ വൈസ് ചെയർ പേഴ്സൺ  സി.പി. ഫാത്തിമ തുടങ്ങിയ ജന പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കളും പങ്കാളികളാവും തുടർന്ന് ലഹരിക്കെതിരെ കേരളോത്സവത്തിൽ പയ്യോളി മുനിസിപ്പൽ കൗൺസിലർമാർ അവതരിപ്പിച്ച ജനപ്രീതി നേടിയ നാടകം അരങ്ങിലെത്തും.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ  വി. ഗോപാലൻ, വൈസ് ചെയർമാൻ  എം.ടി അബ്ദുള്ള, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ  കെ.ടി. രാജീവൻ, ഗ്രന്ഥാലയം പ്രസിഡന്റ് കുന്നോത്ത് ഭാസ്കരൻ , സെക്രട്ടറി മൂലയിൽ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe