പയ്യോളി: പയ്യോളിയിലെ വ്യാപാരിയുടെ രണ്ട് ഇരുചക്ര വാഹനങ്ങൾ വീട്ടുമുറ്റത്ത് കത്തിച്ചു. പയ്യോളിയിലെ മെറ്റൽ വ്യാപാരിയായ പ്രവീൺകുമാറിന്റെ പള്ളിക്കരയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഒരു ബൈക്കും ഒരു സ്കൂട്ടറും ആണ് ഇന്ന് പുലർച്ചെ മൂന്നരയോടെ കത്തിച്ചത്. തീ ആളിപ്പടർന്നത് ശ്രദ്ധയിൽപ്പെട്ട പ്രവീൺകുമാറും ഭാര്യയും അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനങ്ങളുടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതോടെ പിൻവാങ്ങുകയായിരുന്നു.
പയ്യോളി ദേശീയപാതയോരത്ത് വർഷങ്ങളായുള്ള വീട് ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെട്ടപ്പോൾ രണ്ടുവർഷം മുൻപാണ് പള്ളിക്കര നെയ്‌വാരണി ക്ഷേത്രത്തിന്റെ പുറകിലേക്ക് പ്രവീൺ താമസം മാറ്റിയത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻപ്രസിഡന്റും 40 വർഷത്തോളം ആയി മെറ്റൽ വ്യാപാര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സിവി ബാലഗോപാലന്റെ മകനാണ് പ്രവീൺകുമാർ.
പോലീസും ഫോറൻസിക്ക് വിഭാഗവും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്ഥലം സന്ദർശിച്ച വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂണിറ്റ് പ്രസിഡണ്ട് കെ എം ഷമീർ ആവശ്യപ്പെട്ടു.