പയ്യോളി : പയ്യോളിയിൽ മെയ് 1 നു രാവിലെ ‘തണൽ ഫാർമസി’യുടെ പതിനഞ്ചാമത്തെ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്യും. കേരള പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിൽ വടകര ലോകസഭാംഗം കെ.മുരളീധരൻ ആദ്യ വിൽപ്പന കൊയിലാണ്ടി എംഎഎ കാനത്തിൽ ജമീലക്കു നൽകിക്കൊണ്ട് നിർവ്വഹിക്കും. ഗുണമേന്മ ഒട്ടും കുറയാതെ ഇടനിലക്കാരില്ലാതെ, ലാഭം ലക്ഷ്യമാക്കാതെ ഏറ്റവും മികച്ച മരുന്നുകൾ പരമാവധി വിലക്കുറവിൽ ജനങ്ങളിലേക്കെത്തിക്കാന്നാണ് ഈ സംരഭത്തിലൂടെ ഉദ്ദേശിക്കുന്നത്.
പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.തണൽ ചെയർമാൻ ഡോ വി.ഇദ്രീസ് സ്നേഹഭാഷണം നടത്തും.സമീപ പ്രദേശത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പ്രസിഡണ്ടുമാർ ഉൾപ്പെടെ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പാലിയേറ്റീവ് പ്രവർത്തന രംഗങ്ങളിലുള്ളവർ പ്രസ്തുത ചടങ്ങിൽ സംബന്ധിക്കും. പത്രസമ്മേളനത്തിൽ തണൽ പയ്യോളി ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ, കൺവീനർ പാലത്തിൽ മജീദ്, ട്രഷറർ കാട്ടുകണ്ടി ഹംസ, തണൽ ഭാരവാഹികളായ എ. കെ. അബ്ദുറഹിമാൻ, രാജൻ ചേലക്കൽ, പി.ടി സുബൈർ,അബൂബക്കർ ഹാജി കൊയിലോത്ത്, അഷ്റഫ് കറുകന്റവിട എന്നിവർ പങ്കെടുത്തു.