‘നോട്ട് ഓൺലി വി ഡി സതീശൻ, സോ മെനി വി ഡി സതീശൻ ഇൻ പാർട്ടി’: മുഖ്യമന്ത്രി ചർച്ചകളിൽ സസ്പെൻസ് നിലനിർത്തി കെ. സുധാകരൻ

news image
May 7, 2026, 11:35 am GMT+0000 payyolionline.in

തിരുവനന്തപുരം: വി ഡി സതീശൻ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കേരളത്തിൽ ഒരു വി ഡി സതീശൻ അല്ല, നിരവധി വി ഡി സതീശന്മാരുണ്ടെന്ന് കെ സുധാകരന്റെ മറുപടി. തിരുവനന്തപുരത്ത് എഐസിസി നിരീക്ഷകരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തി മടങ്ങവെയാണ് പ്രതികരണം. കേരള രാഷ്ട്രീയത്തെക്കുറിച്ച് നിരീക്ഷകരെ ബോധ്യപ്പെടുത്തിയെന്നും തൃപ്തനാണെന്നും കെ സുധാകരൻ പറഞ്ഞു.

‘എഐസിസി നിരീക്ഷകരെ കണ്ടു. എല്ലാം വിശദീകരിച്ചു. കേരള രാഷ്ട്രീയത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി. ഞാൻ തൃപ്തനാണ്. ഒരു പ്രത്യേക പേര് എഐസിസിക്ക് മുന്നിൽ പറഞ്ഞിട്ടില്ല. ഫോർമുല നിർദേശിക്കുകയാണ് ചെയ്തത്. എന്താണ് ഫോർമുലയെന്ന് പബ്ലിക്കിന് മുന്നിൽ പറയാനാകില്ല. രഹസ്യമാണ്’, എഎൻഐയോടായിരുന്നു കെ സുധാകരന്റെ പ്രതികരണം.

വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോടാണ് ‘നോട്ട് ഓൺലി വി ഡി സതീശൻ. സോ മെനി വി ഡി സതീശൻ ഇൻ പാർട്ടി. കോൺഗ്രസിന് നിരവധി നേതാക്കളുണ്ട്. നേതൃത്വമുണ്ട്. അതിൽ വി ഡി സതീശനുമുണ്ട്’, എന്നും കെ സുധാകരൻ പറഞ്ഞു.

അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്നതിൽ സസ്പെൻസ് തുടരുകയാണ്. എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്കാണ്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ മുതിർന്ന നേതാക്കളുമായും എംഎൽഎമാരുമായും ചർച്ച നടത്തുകയാണ്.
കെ സി വേണുഗോപാലിന്റെ വരവ് തടയാൻ വിഡി സതീശൻ – രമേശ് ചെന്നിത്തല പക്ഷങ്ങൾ കൈകോർത്തേക്കും എന്ന വിവരമാണ് ഇപ്പോൾ ലഭിക്കുന്നത്. കെ സി വേണുഗോപാലിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ചെന്നിത്തല വിഭാഗത്തിന്റെ നീക്കം. മുഖ്യമന്ത്രി പദം സംബന്ധിച്ച് വി ഡി സതീശൻ വിട്ടുവീഴ്ച ചെയ്യുമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ പ്രതീക്ഷ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe