‘ദിവസം 4000 രൂപ വരുമാനം, അഞ്ച് ലക്ഷത്തിന്റെ ഇൻഷൂറൻസ്’; എന്നിട്ടും തെങ്ങ് കയറാൻ ആളില്ലെന്ന്; കോള്‍ സെന്‍റര്‍ തുടങ്ങുന്നു

news image
Oct 8, 2023, 6:50 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് തെങ്ങു കയറാന്‍ പരിശീലനം നേടിയ 32,926 പേരുണ്ടായിട്ടും ആളെ കിട്ടാനില്ലെന്ന് നാളികേര വികസന ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ മിനി മാത്യു. 2011ല്‍ ആരംഭിച്ച പദ്ധതി പ്രകാരമാണ് ഇത്രയും പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കിയത്. തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി നല്‍കി. 94 രൂപ വാര്‍ഷിക പ്രീമിയത്തില്‍ ഓരോരുത്തര്‍ക്കും അഞ്ചുലക്ഷത്തിന്റെ അപകട, മരണ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി. ദിവസം 4000 രൂപവരെ വരുമാനവും ഉറപ്പാക്കി. എന്നിട്ടും തെങ്ങു കയറാന്‍ ആവശ്യത്തിന് ആളെ കിട്ടാനില്ലെന്ന് മിനി മാത്യു പറഞ്ഞു.

‘സംസ്ഥാനത്ത് ഒരു പഞ്ചായത്തില്‍ 10 തെങ്ങു കയറ്റക്കാരെയെങ്കിലും ആവശ്യമുണ്ടെന്നാണ് കണക്ക്. ആകെ 10,000 പേര്‍ എന്നു കണക്കാക്കിയാല്‍ പോലും നിലവിലെ ആവശ്യകതയുടെ പത്തിലൊന്നു പേരെ പ്പോലും ലഭിക്കുന്നില്ല. നല്ല വരുമാനമുള്ള സ്ഥിര ജോലിയായിട്ടും ആരും വരുന്നുമില്ല.’ ഈ സാഹചര്യത്തില്‍ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ ഒരു കുടക്കീഴില്‍ സംഘടിപ്പിച്ച് അവരുടെ സേവനം ആവശ്യക്കാര്‍ക്കെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോള്‍ സെന്റര്‍ തുടങ്ങാന്‍ തീരുമാനിച്ചതായി മിനി മാത്യു പറഞ്ഞു.

സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ക്ക് ‘തെങ്ങിന്റെ ചങ്ങാതിക്കൂട്ട’ത്തിന്റെ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന കോള്‍ സെന്റര്‍ കൊച്ചി കേന്ദ്രീകരിച്ച് നവംബറില്‍ ആരംഭിക്കും. തെങ്ങു കയറ്റ പരിശീലനം നേടിയ 1552 പേര്‍ ഇതിനകം കോള്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഇവരുടെ സേവനം ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ ലഭ്യമാക്കും. സംസ്ഥാനത്തുള്ള 700 പേര്‍ക്ക് പുറമെ 275 പേര്‍ തമിഴ്നാട്ടില്‍ നിന്നും 227 പേര്‍ ആന്ധ്രയില്‍ നിന്നും 350 പേര്‍ കര്‍ണാടകയില്‍ നിന്നുമുള്ളവരാണ്. പ്രവര്‍ത്തനങ്ങള്‍ ആഴ്ചതോറും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
0484 2377266 എന്ന നമ്പരിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. സേവനസന്നദ്ധരായ മറ്റുള്ളവര്‍ക്കും ഇതില്‍ പങ്കാളിയാകാം. അതിനായി പേര്, വിലാസം, ബ്ലോക്ക്/പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ  8848061240 എന്ന വാട്സ് ആപ് നമ്പറിലേക്ക് അയക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe