തൃപ്പൂണിത്തുറയിലെ മനോഹരന്റെ മരണം; മർദ്ദിച്ചത് എസ് ഐ മാത്രമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ

news image
Mar 29, 2023, 8:47 am GMT+0000 payyolionline.in

കൊച്ചി: തൃപ്പുണിത്തുറ കസ്റ്റഡി മരണത്തിൽ, മനോഹരനെ മർദിച്ചത് എസ് ഐ മാത്രമെന്നു സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ. എസ് ഐ മർദിച്ചെന്നു തെളിഞ്ഞത് കൊണ്ടാണ് സസ്‌പെൻഡ് ചെയ്തത്.  മറ്റു പോലീസുകാർ മർദിച്ചതിന് തെളിവുകൾ ഇല്ല, സാക്ഷി മൊഴികൾ ഇല്ലെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. എസ് എച്ച് ഒക്കെതിരെ പരാതി കിട്ടിയിട്ടുണ്ട്. പരാതി അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  സംഭവത്തിൽ എസ് ഐ ജിമ്മി ജോസിനെതിരെ നടപടി സ്വീകരിച്ചിരുന്നു.

പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന കാരണത്താൽ ശനിയാഴ്ച രാത്രിയിലാണ് പൊലീസ് പിന്തുടർന്ന് മനോഹരനെ പിടികൂടിയത്. തുടർന്ന് മുഖത്തടിച്ചു. വലിച്ച് ജീപ്പിൽ കയറ്റിയ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വാഹന പരിശോധനക്കിടെ മനോഹരനെ പൊലീസ് സംഘം മർദ്ദിച്ചു എന്ന് ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

എസ് ഐ ജിമ്മി ജോസിനെതിരെ മാത്രമാണ് നടപടി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. ഇന്നലെ രാത്രി 9 മണിക്കാണ് ഇരുമ്പനം കർഷക കോളനിയിലെ വളവിൽ, ഹിൽ പാലസ് പൊലീസ് സംഘം പരിശോധന നടത്തിയത്. സ്പെയർ പാർട്സ് കട അടച്ച് വീട്ടിൽ വരികയായിരുന്ന മനോഹരനെ ഇരുട്ടിൽ ഒരു പൊലീസുകാരൻ കൈകാണിച്ചു. വാഹനം നിർത്താതെ മുന്നോട്ട് പോയ മനോഹരനെ വളവിൽ വച്ച് പൊലീസ് സംഘം തടഞ്ഞു. വണ്ടി നിർത്തിയ മനോഹരൻ ഹെൽമറ്റ് ഊരിയ പാടെ വണ്ടി നിർത്താത്തത് ചോദ്യം ചെയ്ത് പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്സാക്ഷിയുടെ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe