കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് (15) മരിച്ച കേസിൽ പ്രതിചേർത്ത പ്രായപൂർത്തിയാവാത്ത അഞ്ചുപേരെയും നിരീക്ഷണ മുറിയിലേക്ക് മാറ്റി. ഇവർക്ക് തിങ്കളാഴ്ച തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം, അഞ്ച് വിദ്യാർഥികൾക്ക് പുറമെ മറ്റാർക്കെങ്കിലും ആക്രമണത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളിലുള്ള എല്ലാവരെയും കണ്ടെത്തി മൊഴിയെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി കൂടുതൽ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇന്നലെയാണ് പ്രതികളായ അഞ്ചുപേരെയും ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയത്. പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന പ്രതിഭാഗം ആവശ്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗീകരിക്കുകയായിരുന്നു.
ഇതില്‍ ഒരുകുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോൾ കണ്ടെത്തിയ ഞെട്ടിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. ‘‘ഷഹബാസിനെ കൊല്ലും, ഞാന്‍ പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണ് പോയി നോക്ക്, കണ്ണൊന്നുമില്ല, അവരല്ലേ ഇങ്ങോട്ട് അടിക്കാന്‍ വന്നത്, മരിച്ച് കഴിഞ്ഞാലും വല്യ വിഷയമൊന്നുമില്ല, കേസൊന്നും എടുക്കില്ല’’ തുടങ്ങിയ ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളാണ് പുറത്തുവന്നത്. ഇന്സ്റ്റഗ്രാമിന് പുറമേ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയും ആക്രമണത്തിന് ആസൂത്രണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.